ആനക്ക് ക്രൂര മർദനം; പിൻകാലിലെ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിൽ
text_fieldsകുന്നംകുളം: പാപ്പാന്മാരുടെ ക്രൂര മർദനത്തിൽ ആനയുടെ കാലിലുണ്ടായ മുറിവ് പുഴുവരിച്ച നിലയിൽ. പാണഞ്ചേരി അഭിമന്യു എന്ന ആനയാണ് കാലിലുണ്ടായ മുറിവ് പഴുത്ത നിലയിൽ കുന്നംകുളത്ത് കഴിയുന്നത്. തീറ്റയും വെള്ളവും കൊടുക്കാതെ അവശനിലയിലാണ് ആന കഴിയുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച തുടർച്ചയായി രണ്ടുതവണ അഭിമന്യു ഇടഞ്ഞിരുന്നു. കുന്നംകുളം ശങ്കരപുരത്തും പെരിയമ്പലത്തുമായിരുന്നു ആന ഇടഞ്ഞോടിയത്.
അവശനിലയിൽ ആനയെ കണ്ട നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് പാപ്പാൻ മുറിവിൽ മഞ്ഞൾപൊടി തേച്ചിരുന്നു. കാലിലെ പഴുപ്പുമൂലമുള്ള വേദനയിൽ കാലൂന്നി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഒരു മാസമായി കുന്നംകുളം മേഖലയിലെ നിരവധി ഉത്സവങ്ങളിൽ ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കുന്നംകുളം മേഖലയിൽ തളച്ചിരുന്നത്. കുന്നംകുളം സ്വദേശി ഏക്കത്തിനെടുത്താണ് പലയിടത്തേക്കും ആനയെ എഴുന്നള്ളിക്കാൻ കൊണ്ടുപോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കുന്നംകുളത്ത് വെള്ളിയാഴ്ച എത്തുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.