കുന്നംകുളത്ത് പെട്രോൾ പമ്പുകളിൽ കവർച്ച; നാലുലക്ഷം രൂപ നഷ്ടപ്പെട്ടു
text_fieldsകുന്നംകുളം: കുന്നംകുളം മേഖലയിലെ രണ്ട് പെട്രോൾ പമ്പിൽ കവർച്ച. നാലുലക്ഷം രൂപയോളം മോഷണം പോയി. തിങ്കളാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. പട്ടാമ്പി റോഡിൽ സി.കെ. താവു പെട്രോൾ പമ്പ്, കാണിപയ്യൂരിലെ മാള ഫ്യുവൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പട്ടാമ്പി റോഡിലെ മേലെ പെട്രോൾ പമ്പിൽനിന്ന് നാലുലക്ഷമാണ് നഷ്ടപ്പെട്ടത്.
കാണിപയ്യൂരിലെ പമ്പിൽ സി.സി ടി.വി കാമറകൾ മോഷ്ടാക്കൾ നശിപ്പിച്ച നിലയിലായിരുന്നു. പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിലെ സി.സി ടി.വി കാമറകൾ പ്രവർത്തനരഹിതമായിരുന്നു. ഇരുപമ്പും രാത്രി ഒമ്പതിന് ശേഷം പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ പമ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
സി.കെ. താവു പെട്രോൾ പമ്പിന്റെ ഓഫിസ് മുറിയിലെ അലമാരയിലാണ് നാല് ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. ഗ്ലാസ് വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഞായറാഴ്ച രാത്രിയിലെ കലക്ഷനാണ് സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാമറകൾ നശിപ്പിച്ചതിനാൽ തെളിവുകൾ കണ്ടെത്താൻ കഴിയാതെയായി. കാണിപയ്യൂരിലെ പമ്പിൽ സമാനരീതിയിൽ രണ്ട് വർഷം മുമ്പ് കവർച്ച നടന്നിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ജില്ല ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി വിരലടയാളങ്ങൾ ശേഖരിച്ചു.
വിരലടയാള വിദഗ്ധരായ കെ.എസ്. ദിനേശൻ, രാംദാസ്, ടി.ആർ. ഷെയ്ന, ഡോഗ് സ്ക്വാഡിലെ സി.പി.ഒമാരായ എ.എസ്. സുനിൽ, സി.ആർ. അർജുൻ, എൻ.എ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.