തകർന്നുവീഴാറായ കെട്ടിടങ്ങൾ ആര് പൊളിച്ചുനീക്കും?
text_fieldsകുന്നംകുളം നഗരമധ്യത്തിൽ പട്ടാമ്പി റോഡിൽ തകർച്ചയിലുള്ള കെട്ടിടം
കുന്നംകുളം: നഗരത്തിൽ അപകട ഭീഷണിയിൽ കഴിയുന്ന കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇനിയും വൈകുന്നത് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. മഴ ശക്തമാകുന്നതോടെ ഇത്തരം കെട്ടിടങ്ങൾ സമീപസ്ഥാപനങ്ങൾക്കും വഴിയാത്രികൾക്കും ഇനിയും ദുരിതമാകുകയാണ്.
2018ലാണ് നഗരത്തിലെ അപകടാവസ്ഥയിൽ കഴിയുന്ന കെട്ടിടങ്ങളുടെ വിവരശേഖരത്തിന് കൗൺസിൽ യോഗം എൻജിനിയറെ ചുമതലപ്പെടുത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ 20 കെട്ടിടങ്ങൾ കണ്ടെത്തി. എന്നാൽ ഈ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി തടി തപ്പിയെന്നല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. വർഷങ്ങൾ പിന്നിടുമ്പോൾ ഈ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് നഗരസഭ ലൈസൻസ് പുതുക്കിയും നൽകുന്നുണ്ട്.
നഗരത്തിലെ രണ്ട് പ്രധാന റോഡുകളിൽ ഏതുനിമിഷവും നിലംപൊത്താറായ കെട്ടിടങ്ങൾ ഭീഷണിയായിട്ടും നാളിതുവരെ പൊളിച്ചുനീക്കാൻ യാതൊരുനടപടിയും ഇല്ല. തൃശൂർ റോഡിൽ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ നിൽക്കുന്ന ഓടിട്ട കെട്ടിടം ചാഞ്ഞിട്ടും അതിൻമേൽ നടപടി ഉണ്ടായിട്ടില്ല.
പട്ടാമ്പി റോഡിൽ താഴത്തെ പാറയിലേക്ക് ഇറങ്ങുന്ന വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും തകർന്നുവീണു. ഇതിനിടയിൽ മഴ ശക്തമായതോടെ പൊളിഞ്ഞ് തൂങ്ങിനിന്ന പലഭാഗങ്ങളും നഗരസഭ ജീവനക്കാർ പൊളിച്ചുമാറ്റിയിരുന്നു. എന്നിട്ടും മേൽക്കൂര പോലുമില്ലാത്ത ഈ കെട്ടിടം പൊളിക്കാതെ വഴിയാത്രികൾക്കുപോലും ഭീതി പരത്തുന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
റോഡരികിലെ കെട്ടിടങ്ങൾ ആയിട്ടുപോലും അധികാരികൾ പൊളിക്കുന്ന കാര്യത്തിൽ അലസത കാട്ടുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതുമൂലം സമീപ കച്ചവടക്കാരും ഏറെ ഭീതിയിലാണ്. തൃശൂർ റോഡിലെ കെട്ടിടത്തിൽ നിലവിൽ ചായക്കടയും പ്രവർത്തിക്കുന്നുണ്ട്.
നടപടി ആവശ്യപ്പെട്ട് നഗരസഭ പരിശോധനക്ക് വിധേയമാക്കിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നത് നിയമവിരുദ്ധമാണെന്ന അഭിപ്രായം ഭരണ-പ്രതിപക്ഷ അംഗങ്ങളിലുമുണ്ട്.
മഴ ശക്തമാകുന്നതിനാൽ ഇത്തരം കെട്ടിടങ്ങൾക്ക് നേരെ നടപടി വേണമെന്ന് പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ ആവശ്യം ഉയർത്തിയെങ്കിലും അക്കാര്യത്തിൽ അടിയന്തരമായി നടപടി ഉണ്ടാകുമെന്ന് ചെയർപേഴ്സൺ ഉറപ്പുനൽകിയെങ്കിലും ഒന്നരമാസം പിന്നിട്ടിടും തൂങ്ങിനിന്ന ഭാഗങ്ങൾ പൊളിച്ചുകൊണ്ടു പോയതല്ലാതെ യാതൊന്നും നാളിതുവരെ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നടപടി സ്വീകരിക്കാൻ ഭരണനേതൃത്വം തടസ്സം നൽകുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.