റിപ്പബ്ലിക് ദിന പരേഡിന് വനിതകളുടെ ശിങ്കാരിമേള സംഘവും
text_fieldsകുന്നംകുളം: കുടുംബശ്രീയുടെ കീഴിലുള്ള കുന്നംകുളത്തെ വനിതകളുടെ ശിങ്കാരിമേള സംഘം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ചെണ്ടയും ഇലത്താളവുമായി അണിനിരക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന മത്സരമാണ് ഇവര്‍ക്ക് റിപ്പബ്ലിക് ദിന പരേഡിലേക്ക് വാതില്‍ തുറന്നത്. മത്സരത്തില്‍ ഇവര്‍ക്ക് ഒന്നാം സ്ഥാനമായിരുന്നു. അന്ന് വിധികര്ത്താക്കളായെത്തിയവരാണ് കേരളത്തില്‍ നിന്നുള്ള കലാപ്രകടനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വനിത ശിങ്കാരിമേള സംഘത്തെ ഉള്‍പ്പെടുത്തിയത്. രണ്ടാഴ്ച മുമ്പാണ് 13 അംഗ ടീമിന് ക്ഷണം ലഭിച്ചത്. സംഘത്തിലെ 11 പേർ കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽനിന്ന് ഡൽഹിയിലേക്ക് യാത്രയായി.
നഗരസഭയുടെ വിവിധ ഉദ്ഘാടനങ്ങള്‍, സ്കൂളുകളിലെ ആഘോഷങ്ങള്‍, വിവാഹ വേളകളില്‍ വിരുന്നുകാരെ സ്വാഗതം ചെയ്യല്‍ തുടങ്ങിയവയിൽ മാത്രം പങ്കെടുത്തിരുന്ന സംഘത്തിന് ലഭിച്ച അസുലഭ സന്ദർഭം ജീവിതത്തിൽ മറക്കാനാകുന്നതല്ല. വ്യത്യസ്ത തൊഴില്‍ മേഖലയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് സംഘത്തിലുള്ള എല്ലാവരും.
അതിലുള്ള ദിവ്യ സഞ്ജയ് കാറ്ററിങ് നടത്തിപ്പുകാരിയും ജെയ്നി, സന്ധ്യ, ബിജി ലജീഷ് എന്നിവര്‍ സുഭിക്ഷ കാന്റീൻ അംഗങ്ങളുമാണ്. വിജയ, പ്രമിത എന്നിവര്‍ ഹരിതകര്‍മ സേനയിലുള്ളവരും. ആശ വര്‍ക്കറായ അനിത, കൂലിപ്പണിക്ക് പോകുന്ന കമല, കെയര്‍ടേക്കറായ ബിന്ദു, റിസപ്ഷനിസ്റ്റായ അനിത, പോസ്റ്റ് വുമണ്‍ സുഹാസിനി എന്നിവരും ചേരുന്നതാണ് ടീം.
കലയോടുള്ള താൽപര്യത്തില് സംഘത്തിലേക്ക് എത്തിയവരാണ് ഇവർ. ശിങ്കാരിമേളത്തോടൊപ്പം തായമ്പകയും പഠിക്കാനുള്ള തയാറെടുപ്പിലാണ് വനിതകളുടെ ഈ സംഘം.
വർഷങ്ങൾക്ക് മുമ്പ് കുന്നംകുളത്ത് നടന്ന സരസ് മേളയുടെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴില്‍ ശിങ്കാരിമേളത്തിന്റെ ഗ്രൂപ്പിന് തുടക്കമിട്ടത്. അന്നത്തെ നഗരസഭ സെക്രട്ടറിയായിരുന്ന കെ.കെ. മനോജാണ് പ്രചോദനം നൽകിയത്. ഇവര്‍ക്ക് ആവശ്യമായ ചെണ്ടയും ഇലത്താളവും നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നല്‍കിയത്. ദീർഘനാളത്തെ നഗരസഭ ടൗണ്‍ഹാളിലെ പരിശീലനത്തിലൂടെയാണ് തുടക്കം.
എല്ലാ ദിവസവും പരിശീലനം നടത്തിയിരുന്ന ഇവർ പരിപാടികളുടെ ഏതാനും മുമ്പാണ് ഇപ്പോൾ എല്ലാവരും ഒത്തുചേര്‍ന്ന് താളം പിടിക്കുന്നത്. തൃശൂര്‍ കാല്‍വരി ഗ്രൂപ്പിലെ ശ്യാമാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. താളത്തിന്റെ രീതികളിലും ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.