ഡി.സി.സി സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ്
text_fieldsകുന്നംകുളം: കുന്നംകുളത്തെ കോൺഗ്രസിൽ പോര് മുറുകുന്നു. ഡി.സി.സി സെക്രട്ടറിക്കെതിരെ പരസ്യ പ്രസ്താവനയുമായി യൂത്ത് കോൺഗ്രസ് രംഗത്തു വന്നത് പാർട്ടിക്കുള്ളിൽ വീണ്ടും പ്രതിസന്ധിക്ക് കാരണമായി. നഗരസഭ തുറക്കുളം മാര്‍ക്കറ്റില്‍ ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളിയായി സി.പി.എം അനുഭാവിയെ നിയമിച്ച ഡി.സി.സി സെക്രട്ടറിയും തുറക്കുളം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി യൂനിയന്‍ പ്രസിഡൻറുമായ കെ.സി. ബാബുവിെൻറ പേരില്‍ സംഘടനതല നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി ഉയർത്തിയതോടെ വീണ്ടും പാർട്ടിക്കുള്ളിൽ തർക്കങ്ങൾക്ക് കാരണമായി.
ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് കെ.പി.സി.സി പ്രസിഡൻറിന് പരാതിയും നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകള്‍ ഒഴിവാക്കിയാണ് പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവരെ പരിഗണിക്കുന്നതെന്നാണ് പരാതി. പൊതുയോഗം വിളിച്ച് പരാതി ചര്‍ച്ച ചെയ്യണമെന്നതും പരിഗണിച്ചില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എ.എം. നിധീഷ് വ്യക്തമാക്കി. തുറക്കുളം മാര്‍ക്കറ്റിലെ നിയമനം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചകള്‍ക്കിടയായിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ അവഗണിക്കുന്നതോടെ ഇവര്‍ പുറത്തുപോകുകയും അണികളുടെ പിന്‍ബലം ഇല്ലാതാകുകയും ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
ആരോപണ വിധേയനായ ഡി.സി.സി സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പേരില്‍ കെ.സി. ബാബു ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് പരാതി നല്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് ഇടപെടണമെന്ന് ഡി.സി.സിയോടും മുതിര്‍ന്ന നേതാക്കളോടും ആവശ്യപ്പെട്ടതായി ബ്ലോക്ക് പ്രസിഡൻറ് കെ. ജയശങ്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.