ചികിത്സ സഹായം തേടി കുറുംകുഴല്‍ കലാകാരന്
text_fieldsതൃശൂര്‍: ഇരു വൃക്കയും തകരാറിലായ കുറുംകുഴല്‍ കലാകാരന് മുളങ്കുന്നത്തുകാവ് സ്വദേശി കുട്ടത്ത് വീട്ടില്‍ അനുകുമാര്‍ (42) ചികിത്സ സഹായം തേടുന്നു. 10 വര്‍ഷമായി വൃക്കരോഗത്തെ തുടര്‍ന്ന് അനുകുമാര്‍ ചികിത്സയിലാണ്. വൃക്ക കണ്ടെത്തി ശസ്ത്രക്രിയ നടത്താനും തുടര്‍ചികിത്സക്കും ഏകദേശം 35 ലക്ഷം രൂപയോളം ചെലവ് വരും.
ഭാര്യയും രണ്ടു പെണ്മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അനുകുമാറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ 35 ലക്ഷം രൂപ ചെലഴിച്ച് ശസ്ത്രക്രിയ എങ്ങനെ നടത്തുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് അനുവും കുടുംബവും.
അനുകുമാറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരൻ സഹകലാകാരന്മാരും വിവിധ കലാസമിതികളും സംയുക്തമായി 'അനുകുമാര്‍ ചികിത്സാസഹായ സമിതി' എന്ന പേരില്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തുന്ന അനുകുമാറിന് ഉടൻ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളതെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുവതലമുറയിലെ ശ്രദ്ധേയനായ കുറുംകുഴല്‍ കലാകാരനായ അനുകുമാര്‍ തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിലെ കുറുംകുഴല്‍ നിരയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പങ്കെടുക്കുന്നുണ്ട്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ മുളങ്കുന്നത്തുകാവ് ക്ഷേത്രത്തിലെ കൊമ്പ് ജീവനക്കാരന് കൂടിയാണ് അനുകുമാര്‍.
സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ട വിലാസം: അനുകുമാര്‍ ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍: 110034744296, IFSC കോഡ്: CNRB 0014564, കനറാ ബാങ്ക്, മുളങ്കുന്നത്തുകാവ് ശാഖ, തൃശൂര്‍.
വാര്‍ത്തസമ്മേളനത്തില്‍ സമിതി രക്ഷാധികാരികളായ പെരുവനം കുട്ടന്മാരാര്, കിഴക്കൂട്ട് അനിയന് മാരാര്‍, ചെയര്മാന് ബൈജു ദേവസി, കണ്‍വീനര്‍ വെളപ്പായ നന്ദകുമാര്‍, സെക്രട്ടറി ആര്. മഹേശ്വരന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.