കുട്ടനെല്ലൂർ ബാങ്ക് ക്രമക്കേട്: തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി
text_fieldsതൃശൂർ: ക്രമക്കേട് കണ്ടെത്തി ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയ കുട്ടെനല്ലൂർ സർവിസ് സഹകരണ ബാങ്കിൽ തട്ടിയെടുത്ത തുക തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നടപടി തുടങ്ങി. പണം വീണ്ടെടുക്കാനുള്ള നടപടികളിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ പിരിച്ചുവിടപ്പെട്ട ഭരണസമിതിയിലെ അംഗങ്ങൾക്ക് സഹകരണ ജോയന്‍റ് രജിസ്ട്രാർ നോട്ടീസ് നൽകി. ഈ മാസം 15നകം ബോധിപ്പിക്കാനാണ് നിർദേശം.
നവംബർ 28നാണ് കുട്ടനെല്ലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. വായ്പക്രമക്കേട്, ഭരണസമിതി അംഗങ്ങൾ കമീഷൻ ഇനത്തിലും നിയമപരമല്ലാത്ത സിറ്റിങ് ഫീസായും പണം തട്ടിയെടുത്തു എന്നിങ്ങനെയാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗം റിക്സൻ പ്രിൻസ് പ്രസിഡന്‍റായ ഭരണസമിതി അംഗങ്ങൾക്കെതിരായ സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ.
ഇതേതുടർന്നായിരുന്നു പിരിച്ചുവിടൽ നടപടി. അനധികൃതമായി ഭരണസമിതി അംഗങ്ങൾ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്നതിലാണ് നോട്ടീസ് നടപടികളിലേക്ക് കടന്നത്. 15നകം മറുപടി നൽകാനും വിശദീകരണം സ്വീകാര്യമല്ലെങ്കില്‍ ജനുവരി 15നകം തുക ബാങ്കിൽ തിരിച്ചടക്കണമെന്നുമാണ് നോട്ടീസിലുള്ളത്.
വീഴ്ചവരുത്തിയാൽ സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, സഹകരണ വകുപ്പിന്‍റെ പിരിച്ചുവിടൽ നടപടി സ്റ്റേ ചെയ്യണമെന്ന പിരിച്ചുവിടപ്പെട്ട ഭരണസമിതി അംഗങ്ങളുടെ ആവശ്യം ഹൈകോടതി നിരസിച്ചു. തട്ടിയെടുത്ത തുകയും പലിശയും ചേർത്ത് അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാനാണ് നടപടി. ഭരണസമിതി യോഗങ്ങൾക്ക് മാത്രമാണ് സിറ്റിങ് അനുവദിച്ചത്.
ചിട്ടി ഉൾപ്പെടെയുള്ള അനൗദ്യോഗിക മീറ്റിങ്ങുകൾക്കും മുൻ ഭരണസമിതി അംഗങ്ങൾ സിറ്റിങ് ഫീസ് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കമീഷൻ ഇനത്തിലും പണം കൈപ്പറ്റിയതാണ് നിയമപ്രശ്നങ്ങൾ ഉയർത്തിയത്. അതിനിടെ, ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സി.പി.എം കമീഷനെ നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇതിനുശേഷം ആരോപിതരായ നേതാക്കൾക്കെതിരായ നടപടി തീരുമാനിക്കും.
ഇടപാടുകാരന് ആധാരത്തിന്‍റെ പകർപ്പ് നൽകിയില്ല; കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം
തൃശൂർ: വായ്പക്കായി പണയപ്പെടുത്തിയ സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നാരോപിച്ച് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം. മാപ്രാണം സ്വദേശിയായ കളരിക്കൽ ശ്രീജേഷിനാണ് ആധാരത്തിന്‍റെ പകർപ്പ് നൽകാതിരുന്നത്. ശ്രീജേഷ് ആധാരം പണയപ്പെടുത്തി 13 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ കുടിശ്ശികയായതിനെ തുടർന്ന് പലിശയടക്കം 24 ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പണയത്തിലുള്ള സ്ഥലം വില്‍പന നടത്തുന്നതിനായി ആധാരത്തിന്റെ പകര്‍പ്പിനായി ബാങ്കിനെ സമീപിക്കുകയായിരുന്നു. പകര്‍പ്പ് നല്‍കാന്‍ അഡിമിനിസ്ട്രേറ്റര്‍ തയ്യാറായില്ലെന്നും അപേക്ഷ നല്‍കിയതിന്റെ കൈപറ്റ് രസീത് പോലും നല്‍കിയില്ലെന്നും ശ്രീജേഷ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊതുപ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
അതേസമയം, ലോണ്‍ കുടിശ്ശിക തീരെ അടക്കാത്ത അപേക്ഷകര്‍ക്ക് മാത്രമാണ് ആധാരത്തിന്റെ കോപ്പി നല്‍ക്കാത്തതെന്ന് ബാങ്ക് അഡ്മിസ്ട്രേറ്റര്‍ വ്യക്തമാക്കി. ലൈഫ് പദ്ധതി പ്രകാരമുള്ള ഭൂമി പന്ത്രണ്ട് വര്‍ഷത്തേക്ക് ക്രയവിക്രയം നടത്താന്‍ സാധിക്കില്ല. ഇതുമൂലം ബാങ്കിനു കിട്ടേണ്ട ലോണ്‍ തിരിച്ചടവിനെ ഇതു ബാധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.