ലക്ഷദ്വീപ്: പ്രമേയവുമായി തൃശൂർ കോർപറേഷൻ
text_fieldsതൃശൂർ: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ പ്രമേയം പാസാക്കി തൃശൂർ കോർപറേഷനും. പ്രമേയത്തെക്കുറിച്ച് അറിവില്ലാതിരുന്ന ബി.ജെ.പി അംഗങ്ങൾ വൈകി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിൽ സി.പി.എം നേതാവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി െചയർമാനുമായ പി.കെ. ഷാജനാണ് പ്രമേയം അവതരിപ്പിച്ചത്. സി.പി.എം നേതാവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തി പിന്തുണച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസായി.
കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങളും പങ്കെടുത്തിരുന്നെങ്കിലും പ്രമേയാവതരണ സമയത്ത് എതിർപ്പ് അറിയിച്ചില്ല. അവതരണവും ചർച്ചയും കഴിഞ്ഞതോടെയാണ് വിഷയം ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രമേയമായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെ വിഷയം വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രമേയത്തിനോട് വിയോജിക്കുന്നുവെന്നും ബി.ജെ.പി അംഗങ്ങൾ അറിയിച്ചു. ആറ് അംഗങ്ങളാണ് ബി.ജെ.പിക്ക് കോർപറേഷനിലുള്ളത്. കോൺഗ്രസിൽനിന്ന് രാജൻ പല്ലൻ, ജോൺ ഡാനിയേൽ എന്നിവർ പ്രമേയത്തെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.