ലാലൂർ സ്റ്റേഡിയം: നാല് വർഷം പിന്നിട്ടിട്ടും കാത്തിരിപ്പ്
text_fieldsതൃശൂർ: ലോക ഫുട്ബാളിന് തൃശൂർ സമ്മാനിച്ച പ്രതിഭ ഐ.എം. വിജയന്റെ പേരിൽ ലാലൂരിൽ നിർമിക്കുന്ന സ്പോർട്സ് സ്റ്റേഡിയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. 2019 മാർച്ചിൽ ആരംഭിച്ച പദ്ധതി 2021 മാർച്ചിൽ പൂർത്തിയാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് പിന്നീട് 2022ലേക്കും 23ലേക്കും നീണ്ടു. പക്ഷേ, 2024ലെത്തുമ്പോഴും നിർമാണം ഇഴയുകയാണ്.
മാലിന്യക്കുന്നായി കിടന്നിരുന്ന 14 ഏക്കറിലാണ് ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും ഒരുങ്ങുന്നത്. കിഫ്ബി വഴി 70 കോടി രൂപ ചിലവിട്ടാണ് നിർമാണം. സിന്തറ്റിക് ടർഫ്, 2000 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഫുട്ബാൾ മൈതാനം, നീന്തൽക്കുളം, ഹോക്കി, ടെന്നിസ് കോർട്ട്, മഴവെള്ള സംഭരണികൾ, വിശ്രമമുറികൾ എന്നിവയും കൂടാതെ നാലുനില ഇരിപ്പിടങ്ങൾ ഉള്ള പവലിയൻ, കായിക ഇനങ്ങൾക്കുള്ള ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയുമാണ് സ്പോർട്സ് കോംപ്ലക്സിന്റെ ഭാഗമായുള്ളത്. രണ്ട് ഘട്ടമായി നിർമാണം പൂർത്തീകരിക്കാൻ ഉദ്ദേശിച്ച സ്പോർട്സ് കോംപ്ലക്സിന്റെ ഒന്നാം ഘട്ടം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സ്റ്റേഡിയം പണി തുടങ്ങുന്നതിന് മുമ്പ് തുടങ്ങേണ്ടിയിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വേർതിരിച്ച് സംസ്കരിക്കേണ്ട പ്രക്രിയായ ബയോമൈനിങ് എങ്ങുമെത്തിയിട്ടില്ലാത്തതാണ് നിർമാണം വൈകുന്നത്.
ബയോമൈനിങ് പൂർത്തിയാക്കാതെ സ്റ്റേഡിയം പണി തീർക്കാനാവില്ലെന്ന് കരാറുകാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് കൺസൽട്ടൻസി. സൗത്ത് ഇൻഡ്യൻ കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ് നിർമാണ ചുമതല. ഇവർ നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു. ഇത് പരിശോധിക്കാൻ കോർപറേഷൻ ഭരണസമിതി താൽപര്യം കാണിക്കുന്നില്ലെന്ന് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോൺ ഡാനിയേൽ പറയുന്നു. ഐ.എം വിജയന്റെ പേരിലുള്ള സ്പോർട്സ് കോംപ്ലക്സ് പദ്ധതിയെ ഭരണ-പ്രതിപക്ഷങ്ങൾ ഐക്യകണ്ഠേനയാണ് കൗൺസിലിൽ പാസാക്കിയത്.
എന്നാൽ, കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പ്രവൃത്തികൾ ഇപ്പോഴത്തെ ഭരണസമിതിയുടെ മൂന്ന് വർഷമെത്തുമ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇത് പരിശോധിക്കാനോ വിലയിരുത്താനോ ഭരണസമിതി തയാറായിട്ടില്ലെന്നും വിമർശനമുണ്ട്. നിർമാണ പുരോഗതി വിലയിരുത്താൻ കൺസൽട്ടൻസിയായ കിറ്റ്കോയേയും നിർമാണ ചുമതലയുള്ള സൗത്ത് ഇൻഡ്യൻ കൺസ്ട്രക്ഷൻ കമ്പനിയേയും ഉൾപ്പെടുത്തി കൗൺസിലർമാരുടെ യോഗം വിളിക്കാൻ മേയർ തയാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.