മണ്ണ് മാഫിയ ബന്ധം: കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsതൃശൂർ: മണ്ണ്-മണൽ മാഫിയ ബന്ധത്തിൽ പിടിയിലായവർ കൂടാതെ കൂടുതൽ പേരുണ്ടായിരുന്നതായി സൂചന. കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലുമുൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ എ.എസ്.ഐ അടക്കമുള്ള ഏഴ് പൊലീസുകാരെയാണ് മണ്ണ് മാഫിയ സംഘങ്ങൾക്ക് വിവരം ചോർത്തിക്കൊടുത്തതായി കണ്ടെത്തി കമീഷണർ സസ്പെൻഡ് ചെയ്ത്തത്. അന്വേഷണത്തിൽ ഇപ്പോൾ പിടിയിലായവരെ കൂടാതെ മാഫിയയുമായി ഏറെ അടുപ്പമുള്ളവർ ഉണ്ടായിരുന്നുവെന്നും ഇവരെ ബോധപൂർവം ഒഴിവാക്കിയതാണെന്നും ആക്ഷേപമുണ്ട്.
നടപടിയെടുത്ത പൊലീസുകാരുടെയും മണ്ണ് കടത്ത് സംഘങ്ങളുടെയും മൊബൈൽ ഫോണുകളിലെ നമ്പറുകളിലുള്ള വിശദമായ പരിശോധനയിൽ മാഫിയ ബന്ധം ആഴത്തിലും പഴക്കമുള്ളതാണെന്നുമാണ് പറയുന്നത്. ജില്ലയിലെ മണ്ണ് മാഫിയ ബന്ധത്തിന് ഏറെ പഴക്കമുണ്ട്. പൊലീസിലെ ചിലരെ ഒതുക്കാനും മണ്ണ് മാഫിയ കൂട്ടുകെട്ടിനെ ഉപയോഗിച്ച ചരിത്രം ജില്ലക്കുണ്ട്. 2012ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ മണൽക്കടത്തിനെ പൊളിച്ചത് ഹൈകോടതിയാണ്. മണ്ണ് മാഫിയ സംഘത്തിലുൾപ്പെട്ട മേലുദ്യോഗസ്ഥർക്ക് വഴങ്ങാതിരുന്ന കീഴുദ്യോഗസ്ഥനെ ഒതുക്കിയത് മണൽക്കടത്ത് വെച്ചായിരുന്നു.
പൊലീസുകാരൻ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സിറ്റി പരിധിയിൽ തന്നെ മണ്ണുത്തിയിലും മണ്ണ് മാഫിയ ബന്ധം പുറത്ത് വന്നിരുന്നു. ഇപ്പോൾ കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ ഏഴ് പേരെ സസ്പെൻഡ് ചെയ്ത് സംഭവത്തിൽ 13 പൊലീസുകാർക്കെതിരെയുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് പറയുന്നത്. ഏഴ് പേരെ മാത്രം ശിക്ഷിച്ച് ആറ് പേരെ രക്ഷപ്പെടുത്തുകയായിരുന്നു. നടപടിയെടുത്തവരേക്കാൾ ബന്ധവും അടുപ്പവും ഇവരുമായിട്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചങ്ങാത്തമുള്ളവരുമാണ് ഒഴിവാക്കപ്പെട്ടവരെന്ന് പറയുന്നു. മണ്ണ് കടത്ത് സംഘത്തിെൻറ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ഇപ്പോഴും സർവിസിൽ തുടരുന്ന പൊലീസുകാരുടെ വിളികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മണ്ണുകടത്ത് സംഘത്തിന് സ്റ്റേഷനിൽ നിന്നുള്ള വിവരങ്ങളും പരിശോധന നടക്കുന്ന സ്ഥലങ്ങളും പിടിക്കാതിരിക്കാൻ പോകേണ്ട വഴികളുമടക്കമുള്ളവയുടെ നിർദേശങ്ങൾ പൊലീസായിരുന്നു നൽകിയിരുന്നതെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.