മാരാത്തുകുന്നിലെ മണ്ണിടിച്ചിൽ ഭീഷണി; ലഘുനീര്‍ത്തട പദ്ധതി നടപ്പാക്കും
text_fieldsതൃശൂർ: വടക്കാഞ്ചേരി അകമലക്ക് സമീപമുള്ള മാരാത്ത്കുന്നില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ പരിശോധന നടത്തി. കലക്ടര്‍ അര്ജുന് പാണ്ഡ്യൻ നിര്‍ദേശിച്ചത് പ്രകാരം ഹസാര്‍ഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, സീനിയര്‍ കണ്‍സൽട്ടന്റ് ഡോ. എച്ച്. വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദര്‍ശിച്ച് വിശദപഠനം നടത്തിയത്.
അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിലെ രണ്ട് കുടുംബങ്ങള്‍ ഒഴികെയുള്ളവർക്ക് വീട്ടിലേക്ക് തിരിച്ച് പോകാമെന്നും അതേസമയം മൂന്ന് ദിവസത്തിനകം 20 മുതല്‍ 25 സെന്റിമീറ്റര്‍ വരെ മഴ ഉണ്ടായാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും നിര്‍ദേശിച്ചു. രണ്ട് കുടുംബങ്ങളുടെ പുനരധിവാസത്തിന് ഉടൻ നടപടിയെടുക്കും. മണ്ണിടിഞ്ഞുവീണ വസ്തുവിന് മുകളിലുള്ള ഉപയോഗശൂന്യമായ രണ്ട് കിണറുകള്‍ മൂടും. പ്രദേശത്തെ രണ്ട് കോണ്‍ക്രീറ്റ് റോഡുകളുടെ വശങ്ങളില് വെള്ളം ഒഴുകി താഴേക്ക് എത്താൻ ഓടകള്‍ നിര്‍മിക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രദേശം സുസ്ഥിരമാക്കാൻ ലഘുനീര്‍ത്തട പദ്ധതി നടപ്പാക്കും. ഇതിനുള്ള ഫണ്ട് ലഭ്യമാക്കാൻ ഡി.പി.ആര് തയാറാക്കി സമര്‍പ്പിക്കും.
പരിശോധനയിലും തുടര്‍ന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലും വടക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന്‍. സുരേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്റ റഷീദ്, താഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ഡി.എം പ്ലാന്‍ കോഓഡിനേറ്റര്‍, ജില്ല ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസര്‍, ഹൈഡ്രോളജിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.