സമരത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ലയ സർക്കാർ ജോലിയിലേക്ക്
text_fields
തൃശൂർ: സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർ നടത്തിയ സമരത്തിലൂടെ ശ്രദ്ധാകേന്ദ്രമായ തൃശൂരിലെ ലയ രാജേഷ് സർക്കാർ ജോലിയിലേക്ക്. ജോലിക്കുള്ള പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിലാണ് നിയമനം. 2018ൽ പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ 46,000 പേർ ഉൾപ്പെട്ടെങ്കിലും വളരെക്കുറച്ചു നിയമനം മാത്രമാണ് നടന്നത്. 583ാം റാങ്കുകാരിയാണ് ലയ രാജേഷ്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായിട്ടും നിയമനങ്ങൾക്കു വേഗം കൈവരാത്തതിനാൽ വലിയ പ്രതിഷേധവും സമരവുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. പട്ടിണി സമരം മുതൽ മുട്ടിലിഴയലും മുടിമുറിക്കൽ സമരങ്ങളുമടക്കം 34 ദിവസം നീണ്ടുപ്രതിഷേധങ്ങൾ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരളമാകെ കത്തിജ്വലിച്ച റാങ്ക് ഹോൾഡർമാരുടെ സമരം സർക്കാറിനെ കടുത്ത പ്രതിസന്ധിയിലുമാക്കിയിരുന്നു. പ്രതിപക്ഷം വലിയ തോതിൽ തെരഞ്ഞെടുപ്പിൽ ആയുധമാക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസും യുവമോർച്ചയും റാങ്ക് ഹോൾഡർമാർക്കൊപ്പം സമരത്തിൽ അണി ചേർന്നപ്പോൾ ഡി.വൈ.എഫ്.ഐ, സർക്കാറിനും റാങ്ക് ഹോൾഡർമാർക്കുമിടയിലെ, ഇടനിലക്കാരായിരുന്നു. സർക്കാറിന് വേണ്ടി ചർച്ചകൾ നടത്തിയിരുന്നതും ഡി.വൈ.എഫ്.ഐ ആയിരുന്നു.
പ്രതിഷേധത്തിനിടെ ലയ രാജേഷ് സമരപ്പന്തലിൽ ബോധം കെട്ടുവീണതുൾപ്പെടെ വിവാദമായിരുന്നു. ചർച്ചകൾക്കൊടുവിൽ ലിസ്റ്റ് കാലാവധി നീട്ടാൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തേക്ക് റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടിയതോടെയാണ് ലയ ഉൾപ്പെടെ നൂറുകണക്കിനു പേർക്കു കൂടി ജോലിക്ക് അവസരമുണ്ടായത്.
സമരത്തിനു ശേഷവും റാങ്ക് ലിസ്റ്റിലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തിരുവനന്തപുരത്ത് പോയി മന്ത്രിമാരെയും സംഘടന നേതാക്കളെയും കണ്ട് കൂടുതൽ നിയമനങ്ങൾക്ക് ലയ ശ്രമിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ ഭർത്താവ് രാജേഷും ലയക്കൊപ്പം സമരവേദികളിലുണ്ടായിരുന്നു. സമരത്തിനും ആവശ്യങ്ങൾക്കുമായി പോകുമ്പോൾ അമ്മയുടെ അരികിൽ മക്കളെ ഏൽപിച്ചാണ് പോയിരുന്നത്. കഷ്ടപ്പാടിന് ലഭിച്ച അംഗീകാരമായാണ് നിയമനത്തെ കരുതുന്നതെന്നും വാക്ക് പാലിച്ച സർക്കാറിനോടും പിന്തുണച്ചവരോടും നന്ദിയുണ്ടെന്നും സന്തോഷമുണ്ടെന്നും ലയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.