വി.എസ്. സുനിൽ കുമാറിന്റെ തട്ടകത്തിൽ പ്രതീക്ഷയോടെ എൽ.ഡി.എഫ്; മുന്നണികൾ ഇഴകീറി കണക്കെടുപ്പ് തുടരുന്നു
text_fieldsഅന്തിക്കാട്: തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയാകാറായിട്ടും തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നാട്ടിക നിയമസഭ മണ്ഡലത്തിൽ മുന്നണികൾ ഇഴകീറി കണക്കെടുപ്പ് തുടരുന്നു.
മണ്ഡല പുനർനിർണയത്തിൽ നാട്ടിക ഇടത് കോട്ടയായിട്ടും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിലെ ടി.എൻ. പ്രതാപൻ 2000ൽ താഴെ വോട്ട് അധികം നേടിയിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷ യു.ഡി.എഫ് കേന്ദ്രങ്ങളിലില്ല. എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ നാടുൾപ്പെടുന്ന നാട്ടിക മണ്ഡലത്തിൽ എൽ.ഡി.എഫ് നല്ല പ്രതീക്ഷയിലാണ്. യു.ഡി.എഫും പ്രതീക്ഷ വെച്ച് പുലർത്തുന്ന ഇവിടെ മികച്ച പ്രവർത്തനത്തിന്റെ ഗുണം ലഭിക്കുമെന്ന് എൻ.ഡി.എയും കരുതുന്നു.
സി.പി.എമ്മിനും സി.പി.ഐക്കും വേരോട്ടമുള്ള നാട്ടികയിൽ കഴിഞ്ഞ തവണ പ്രതാപന്റെ വ്യക്തി പ്രഭാവം കൊണ്ടും നാട്ടുകാരനായതുകൊണ്ടുമാണ് ചെറിയതെങ്കിലും യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.സി. മുകുന്ദൻ നാട്ടികയിൽ 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ഇത്തവണ സിറ്റിങ് എം.പി ടി.എൻ. പ്രതാപൻതന്നെ സ്ഥാനാർഥിയാകുമെന്ന കണക്കുകൂട്ടലിൽ നാട്ടിൽ ചുമരെഴുത്തും പോസ്റ്റർ പ്രചാരണവും നേരത്തെ തുടങ്ങിയിരുന്നു. പ്രതാപൻ അനുകൂലികൾ വലിയ ആവേശത്തിലുമായിരുന്നു. എന്നാൽ പ്രതാപനെ മാറ്റിയതോടെ കാര്യങ്ങൾ ഇഴഞ്ഞുതുടങ്ങി.
തളിക്കുളം, നാട്ടിക മേഖലകളിൽ പലരും പ്രവർത്തനത്തിൽനിന്ന് മാറി നിന്നു. ധീവരസഭ പ്രതിഷേധ പ്രകടനവും നടത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എൽ.ഡി.എഫും എൻ.ഡി.എയും വലിയ പ്രചാരണം തുടങ്ങിയപ്പോൾ യു.ഡി.എഫിന്റെ പ്രവർത്തനം പലയിടത്തും മന്ദഗതിയിലായിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞതോടെ ബൂത്ത് തിരിച്ചുള്ള കണക്കുകൂട്ടലിൽ എൽ.ഡി.എഫിനാണ് മുഖം കൂടുതൽ തെളിയുന്നത്. നാട്ടികയിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് നേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി. സന്ദീപും സി.പി.ഐ നേതാവ് സി.ആർ. മുരളീധരനും അവകാശപ്പെടുന്നു. അന്തിക്കാട്, താന്ന്യം, ചാഴൂർ, വലപ്പാട്, നാട്ടിക, തളിക്കുളം, പാറളം, അവിണിശ്ശേരി പഞ്ചായത്തുകളിൽ വൻ ലീഡ് നേടുമെന്നും അവർ പറയുന്നു.
അതേസമയം, കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം തങ്ങൾ നേടില്ലെങ്കിലും എൽ.ഡി.എഫിന് 8,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം കിട്ടില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, സി.പി.എം കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എ. ഹാറൂൺ റഷീദും കൺവീനർ പി.ഐ. ഷൗക്കത്തലിയും പറയുന്നു. എൽ.ഡി.എഫ് വോട്ടുകൾ സുരേഷ് ഗോപിക്കും പോയിട്ടുണ്ട്.
ഇത് കാര്യമായി ബാധിച്ചാൽ എൽ.ഡി.എഫ് ഭൂരിപക്ഷം പിന്നെയും കുറയും. താന്ന്യം, അന്തിക്കാട് മേഖലയിൽ എൽ.ഡി.എഫിന്റെ പ്രതീക്ഷ അസ്ഥാനത്താവും. ചേർപ്പ്, അവിണിശ്ശേരി പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടും. ടി.എൻ. പ്രതാപൻ മാറിയെങ്കിലും യു.ഡി.എഫിനെ ബാധിച്ചിട്ടില്ലെന്നും ഹാറൂൺ റഷീദ് പറഞ്ഞു.
എന്നാൽ, നാട്ടികയിൽ എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരം നടന്നതെന്നും സുരേഷ് ഗോപി നേരിയ ഭൂരിപക്ഷം നേടുമെന്നും എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഇ.പി. ഹരീഷ് പറഞ്ഞു. പ്രതാപൻ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ എൻ.ഡി.എ നല്ല ഭൂരിപക്ഷം നേടുമായിരുന്നു.
കെ. മുരളീധരൻ വന്നതോടെ യു.ഡി.എഫിലെ നല്ലൊരു വിഭാഗം വോട്ട് എൽ.ഡി.എഫിന് പോയെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ. മണ്ഡലത്തിൽ 58000ലധികം വോട്ട് സുരേഷ് ഗോപി നേടുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നതെന്നും ഹരീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.