വിഭാഗീയകാലം മറന്ന് സി.പി.എമ്മിന്കൂട്ടായ്മയുടെ നേ തൃത്വം
text_fieldsതൃശൂർ: കൊടികുത്തിവാണ പഴയ വിഭാഗീയ കാലത്തെ അപ്രസക്തമാക്കിയാണ് കോവിഡ് കാലത്തെ വിവാദമായ സി.പി.എം ജില്ല സമ്മേളനം സമാപിക്കുന്നത്. പഴയ വി.എസ് പക്ഷക്കാരെ നിലനിർത്തുകയും വിഭാഗീയതയെ തുടർന്ന് 16 വർഷത്തിലധികം കീഴ്ഘടകത്തിൽ തളച്ചിടപ്പെട്ട ടി. ശശിധരനെയും കുന്നംകുളത്തെ ചേരിപ്പോരിൽ ചവിട്ടേറ്റ ബാലാജി എം. പാലിശ്ശേരിയെയും ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിനൊപ്പം. യുവ, ദലിത്, വനിത പ്രാതിനിധ്യവും ഇതാദ്യമായി സെക്രട്ടേറിയറ്റിൽ വനിത സാനിധ്യവും ഉറപ്പാക്കിയാണ് സി.പി.എം കൂട്ടായ്മയുടെയും പ്രവർത്തനത്തിന്റെയും പുതിയ ചുവടുവെക്കുന്നത്. സമ്മേളനത്തിലെ താരങ്ങളായത് ടി. ശശിധരനും എം. ബാലാജിയുമാണ്. പഴയ വി.എസ് പക്ഷ നേതാക്കളായ കെ.എഫ്. ഡേവീസ്, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരിൽ പലരും ഒഴിവാക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. അവരെ ഒഴിവാക്കിയില്ലെന്ന് മാത്രമല്ല വി.എസ് പക്ഷത്തിനായി വാദിച്ച് നടപടി നേരിട്ട ടി. ശശിധരനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ശശിധരൻ തിരിച്ചുവരുന്നത്, തനിക്കെതിരെ നിലപാടെടുത്ത രണ്ടുപേർ ഇല്ലാത്ത കമ്മിറ്റിയിലേക്കാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇരിങ്ങാലക്കുടയിൽ ടി. ശശിധരൻ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആക്ഷേപമുയർന്ന സി.കെ. ചന്ദ്രനെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിഭാഗീയതയിൽ ശശിധരനെതിരെ നിലപാടെടുത്ത ബാബു എം. പാലിശ്ശേരിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ സമ്മേളനത്തിൽ പോലും എത്താൻ കഴിഞ്ഞിരുന്നില്ല. ബാബുവിനെയും ഒഴിവാക്കിയ ജില്ല കമ്മിറ്റിയിലേക്കാണ് പഴയ നിലപാടുകാരൻ എത്തുന്നത്.
ടി. ശശിധരനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് വാർത്ത പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിൽ ടി. ശശിധരന്റെ പഴയ പ്രസംഗങ്ങളും പടങ്ങളും നിലപാടുകളും കാത്തിരിപ്പുകളും മാധ്യമങ്ങളിലെ അഭിമുഖങ്ങളുമെല്ലാം വീണ്ടും നിറഞ്ഞു. സി.പി.എം വിരുദ്ധരടക്കം ശശിധരന്റെ മടങ്ങിവരവിൽ സി.പി.എമ്മിനെ പ്രകീർത്തിച്ച് രംഗത്ത് വരുകയും ചെയ്തു. ഇന്നലെ വരെയും വിമർശിച്ച് മാറിനിന്നവരും ജില്ല സമ്മേളനത്തിന് പിന്നാലെ സി.പി.എമ്മിനായി വാദിച്ച് സജീവമായി തുടങ്ങി. ഇത് ജില്ലയിലെ പാർട്ടിയുടെ മുഖംമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സൂചന.
പഴയ വി.എസ്-പിണറായി പോര് ജില്ലയിൽ അവസാനിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തെ വിഭാഗീയത ഇപ്പോഴുമുണ്ടെന്നാണ് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. മണ്ണുത്തി, പുഴക്കൽ, കുന്നംകുളം അടക്കം ഏരിയ കമ്മിറ്റികളിൽ വിഭാഗീയത നിലനിൽക്കുന്നതായി റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു. മുതിർന്ന നേതാക്കൾ മുതൽ ദലിത്, യുവ, വനിത പ്രാതിനിധ്യത്തോടൊപ്പം വിദ്യാർഥി പ്രാതിനിധ്യമടക്കം ജില്ല കമ്മിറ്റിയിലുണ്ട്. നേതാക്കളിൽ ഭൂരിപക്ഷം പേർക്കും പാർലമെന്ററി ചുമതലകളുണ്ടെന്നതായിരുന്നു ഇക്കഴിഞ്ഞ കമ്മിറ്റിയിൽ പാർട്ടി നേരിട്ടിരുന്ന പ്രതിസന്ധി. പുതിയ ജില്ല നേതൃത്വത്തോടെ പുതിയ ആവേശത്തോടെ ജില്ലയിൽ പാർട്ടി കൂടുതൽ കരുത്താർജിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.