നഗരസഭകളെ കൂട്ടിപ്പിടിച്ച് ഇടതുമുന്നണി
text_fieldsതൃശൂർ: ലൈഫ് മിഷനും മറ്റാരോപണങ്ങളും ഏശാതെ തൃശൂരിലെ നഗരസഭകളെ ഇടതുമുന്നണി കാത്തുസൂക്ഷിച്ചു. ജില്ലയിലെ ഏഴു നഗരസഭകളിൽ അഞ്ചു നഗരസഭകളിൽ എൽ.ഡി.എഫ് ആധിപത്യമുറപ്പിച്ചപ്പോൾ രണ്ടു നഗരസഭകൾ കൈവിട്ടു. സ്വാധീനമുണ്ടായിരുന്ന പല നഗരസഭകളിലും കോൺഗ്രസ് പിന്നാക്കംപോയി.
നഗരസഭകളിൽ ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ ഇരിങ്ങാലക്കുട മാത്രമാണ് ഇടതുമുന്നണിയെ കൈവിട്ടതെങ്കിൽ ഇത്തവണ ചാലക്കുടി കൂടി നഷ്ടമായി. ലൈഫ് മിഷൻ അഴിമതി ആരോപണമുയർന്ന വടക്കാഞ്ചേരിയിൽ എൽ.ഡി.എഫിെൻറ വിജയമായിരുന്നു ഏറെ ശ്രദ്ധേയം.
അനിൽ അക്കര എം.എൽ.എ കത്തിച്ചുവിട്ട ലൈഫ് മിഷൻ വിവാദം ഫ്ലാറ്റ് നിൽക്കുന്നതും അഴിമതിയിൽ കൂട്ടുത്തരവാദം ആരോപിക്കപ്പെട്ടതുമായ വടക്കാഞ്ചേരി നഗരസഭയിൽ എൽ.ഡി.എഫ് വിജയത്തെ തെല്ലും ബാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 25 സീറ്റിൽ ഒരു സീറ്റ് കുറഞ്ഞ് 24 സീറ്റിലാണ് വടക്കാഞ്ചേരിയിൽ വിജയിച്ചത്. വടക്കാഞ്ചേരിക്ക് പുറമെ ചാവക്കാട്, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുന്നംകുളം നഗരസഭകളിലാണ് അവർ വിജയം നേടിയത്.
അതേസമയം, കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും ഭരിക്കാൻവേണ്ട കേവല ഭൂരിപക്ഷംപോലും ലഭിച്ചിട്ടില്ല. കുന്നംകുളത്ത് യു.ഡി.എഫിന് നേരിട്ട തിരിച്ചടി ഗുണമായത് എൻ.ഡി.എക്കായിരുന്നു. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിൽനിന്ന് എട്ടു സീറ്റിലേക്ക് വർധിച്ചു. അതിനാൽ കുന്നംകുളം നഗരസഭയിൽ കോൺഗ്രസ് വിമതസ്ഥാനാർഥി നിർണായകമാകുന്ന സ്ഥിതിവിശേഷവും വന്നുചേർന്നു.
എട്ടു സീറ്റുകൾ നേടിയ ബി.ജെ.പിയാണ് ഇവിടെത്തെ പ്രതിപക്ഷ കക്ഷി. കൊടുങ്ങല്ലൂർ നഗരസഭസഭയിൽ കഷ്ടിച്ച രക്ഷപ്പെട്ട എൽ.ഡി.എഫിന് ഭരണം നിലനിർത്താനാകുമെന്നതാണ് ആശ്വാസം. ആകെ 44 സീറ്റിൽ എൽ.ഡി.എഫ് 22 സീറ്റ് നേടിയപ്പോൾ ബി.ജെ.പി 21 സീറ്റ് കരസ്ഥമാക്കി. കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റിലേക്കൊതുങ്ങി. എൽ.ഡി.എഫിെൻറ സീറ്റുനില 24ൽനിന്ന് 22ലേക്ക് താഴ്ന്നപ്പോൾ ബി.ജെ.പി 16ൽനിന്ന് 21ലേക്ക് ഉയർന്നു.
ഭരണംകൈയാളിയിരുന്ന ചാലക്കുടിയിൽ ഇത്തവണ അഞ്ചു സീറ്റിലൊതുങ്ങിയത് എൽ.ഡി.എഫിനേൽപിക്കുന്ന തിരിച്ചടി ചെറുതല്ല. ഇവിടെ 17 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് വെറും അഞ്ചു സീറ്റിലാണ് ഒതുങ്ങിയത്. 16 സീറ്റിൽനിന്ന് 25 സീറ്റിലേക്ക് മികച്ച കുതിച്ചുകയറ്റം യു.ഡി.എഫ് കാഴ്ചവെക്കുകയും ചെയ്തു. നാലു സ്വതന്ത്രരും സീറ്റുറപ്പിച്ചു.
ഇരിങ്ങാലക്കുടയിൽ 19ൽനിന്ന് 16 സീറ്റിലേക്ക് എൽ.ഡി.എഫ് പ്രാതിനിധ്യം കുറഞ്ഞു. അതേസമയം, ചാവക്കാട് നഗരസഭയിൽ 22 സീറ്റോടെയാണ് എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. യു.ഡി.എഫിന് രണ്ടു സീറ്റ് കുറയുകയും ചെയ്തു. ഗുരുവായൂർ നഗരസഭയിൽ കോൺഗ്രസ് മുഖംരക്ഷിക്കാൻ കഷ്ടപ്പെട്ടു.
ചേരിതിരിവിെൻറ കുത്തൊഴുക്കിൽ 20 സീറ്റിൽനിന്ന് 12 സീറ്റിലേക്കാണ് യു.ഡി.എഫ് മൂക്കുകുത്തി വീണത്. ഈ അവസരം ഉപയോഗപ്പെടുത്തി എൽ.ഡി.എഫ് 21 സീറ്റിൽനിന്ന് 28 സീറ്റിലേക്ക് നില മെച്ചപ്പെടുത്തി. ബി.ജെ.പിയും ഒരു സീറ്റിെൻറ അധിക ഗുണം നേടി. കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും എൻ.ഡി.എ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്.
കൊടുങ്ങല്ലൂരിൽ 16ൽനിന്ന് 21 സീറ്റിലേക്കും ഇരിങ്ങാലക്കുടയിൽ മൂന്നിൽനിന്ന് എട്ടു സീറ്റിലേക്കും കുന്നംകുളത്ത് ഏഴിൽനിന്ന് എട്ടു സീറ്റിലേക്കും അവർ നില മെച്ചപ്പെടുത്തി. കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബി.ജെ.പിയാണ് കൂടുതൽ സീറ്റുകൾ നേടിയ പ്രധാന പ്രതിപക്ഷകക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.