പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം കെട്ടിനിന്ന് അഴുകുന്നു; നട്ടംതിരിഞ്ഞ് വ്യാപാരികൾ, അനങ്ങാതെ അധികാരികൾ
text_fieldsമതിലകം: മതിലകം പള്ളി വളവിൽ വ്യാപാരികൾ ദുരിതംപേറി നട്ടംതിരിയുമ്പോഴും അനക്കമില്ലാതെ പഞ്ചായത്തും ജല അതോറിറ്റിയും. പള്ളിനട ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കച്ചവടക്കാരാണ് അധികാരികളുടെ അനാസ്ഥ കാരണം കടുത്ത പ്രതിസന്ധി നേരിടുന്നത്. പൈപ്പ് പൊട്ടി ഒഴുകുന്ന ശുദ്ധജലം കെട്ടിനിന്ന് മലിനജലമാകുന്നതിനാൽ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും വരില്ലെന്ന് മാത്രമല്ല, ദുർഗന്ധപൂരിതമായ അന്തരീക്ഷം കാരണം ഉടമകൾക്ക് കടകൾ തുറന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ഇത്തവണത്തെ ഓണകച്ചവടം നഷ്ടപ്പെട്ടതിന്റെ അമർഷത്തിലും പ്രതിഷേധത്തിലുമാണ് ഇവിടുത്തെ കച്ചവടക്കാരിൽ മിക്കവരും. പഞ്ചായത്ത് അധികാരികൾ മുമ്പാകെയും വാട്ടർ അതോറിറ്റി അധികൃതരെയും ദുരവസ്ഥ ദൃശ്യസഹിതം ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരി സംഘടന ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണത്തിൽനിന്ന് ഈ ഭാഗത്തെ അഴുക്കുചാലിനെ ഒഴിവാക്കിയതാണ് മുഖ്യപ്രശ്നമായതെന്ന് കച്ചവടക്കാർ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഒഴുകുന്ന വെള്ളം കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ കെട്ടിനിന്ന് കാനയിലെ മാലിന്യത്തോടൊപ്പം ചേർന്ന് അഴുകിയതിനെ തുടർന്ന് ദുർഗന്ധം വമിക്കുകയാണ്.
തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്തുന്ന യാത്രക്കാരും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം അഴുക്കുചാൽ വഴി ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായെന്ന് വ്യാപാരികൾ പറയുന്നു. കാനയിൽ തടസ്സം വന്നതോടെയാണ് വെള്ളം പുറത്തേക്ക് തള്ളി കെട്ടിനിന്ന് അഴുകാൻ തുടങ്ങിയത്.
കുടിവെള്ള വിതരണം നിർത്തുമ്പോൾ വെള്ളക്കെട്ട് ഒഴിവാകുമെങ്കിലും മാലിന്യാവസ്ഥക്കും ദുർഗന്ധത്തിനും മാറ്റമുണ്ടാകാറില്ല. മഴ പെയ്താലും ഇതേ അവസ്ഥയാണിവിടെ. അതേസമയം, മറ്റു തിരക്കുകളും അവധി ദിനങ്ങളും കാരണമാണ് കാനയിലെ തടസ്സം നീക്കുന്ന പ്രവൃത്തി നീണ്ടുപോയതെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.