ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ നവകേരള സദസ്സിന് തുകയനുവദിക്കാൻ ‘തടസ്സം’
text_fieldsതൃശൂര്‍: ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപറേഷനിൽ നവകേരള സദസ്സിന് തുകയനുവദിക്കാനുള്ള ശ്രമം നടന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തതോടെ ഇത് സംബന്ധിച്ച അജണ്ട പരിഗണിക്കാതെ മാറ്റിവെച്ചു. തുകയനുവദിക്കുന്നതിന് വിയോജിപ്പ് അറിയിച്ച് നേരത്തെ തന്നെ കോൺഗ്രസ്-ബി.ജെ.പി കക്ഷികൾ കത്ത് നൽകിയിരുന്നു. മാത്രവുമല്ല, പ്രതിപക്ഷാംഗങ്ങൾ മുഴുവൻ പേരും യോഗത്തിൽ ഹാജരാവുകയും ചെയ്തു. വോട്ടിനിട്ടാല്‍ ഭരണപക്ഷ പരാജയത്തിനിടയാകുന്ന സ്ഥിതിയായിരുന്നു. ഇതോടെ ഭരണപ്രതിസന്ധിയുമാകുമെന്നതിനാൽ അജണ്ട മാറ്റിവെക്കുന്നതായി മേയർ അറിയിക്കുകയായിരുന്നു.
നവകേരള സദസ്സിനായി തൃശൂര്‍, ഒല്ലൂര്‍ നിയോജകമണ്ഡലം സംഘാടകസമിതികള്‍ക്ക് രണ്ടുലക്ഷം രൂപ നല്കുന്ന വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് അവസാനം ചര്‍ച്ചക്കെടുക്കാന്‍ നിശ്ചയിച്ച് പൊതുവിഷയത്തില്‍ ചര്‍ച്ച വലിച്ചുനീട്ടി. ഉച്ചക്ക് ഒന്നരക്ക് ഉച്ചഭക്ഷണസമയത്തിന് പിരിയും വരെയും പൊതുചർച്ച ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. അവസാന ഘട്ടത്തിലാണ് അജണ്ട മാറ്റുന്നതായി അറിയിച്ചത്.
അതേസമയം അമൃത് കുടിവെള്ള പദ്ധതിയില്‍ അഴിമതി ആരോപിച്ച കോര്പറേഷന് സെക്രട്ടറിക്ക് എതിരെ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായും മേയർ കൗൺസിലിനെ അറിയിച്ചു. സെക്രട്ടറിയായിരുന്ന ആര്. രാഹേഷ്കുമാര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ആരോപിച്ചതെന്നും സെക്രട്ടറിക്ക് എതിരേ അച്ചടക്ക നടപടിയെടുത്തില്ലെല്ലെങ്കില് താന്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രിയെ അറിയിച്ചതായി മേയർ വ്യക്തമാക്കി.
തിരക്കേറിയ പൂങ്കുന്നം പാട്ടുരായ്ക്കല്‍ റോഡില്‍ ഡിവൈഡറുകള്‍ എടുത്തുമാറ്റിയത് പുനഃസ്ഥാപിക്കണമെന്നും മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകൾ അടിയന്തരമായി വരയ്ക്കണമെന്നും എ.കെ. സുരേഷ് ആവശ്യപ്പെട്ടു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. ഷാജന്, വര്‍ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സന്, കൗണ്‍സിലര്‍മാരായ മുകേഷ് കുളപ്പറമ്പില്‍, ഐ. സതീഷ്കുമാര്‍, അനീസ് അഹമ്മദ്, കെ. രാമനാഥന്, ഡോ. വി. ആതിര, സി.പി. പോളി, ഇ.വി. സുനില്‍രാജ്, വിനീഷ് തയ്യില്‍ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.