പുലിഭീതിയിൽ മുണ്ടത്തിക്കോട്–പുതുരുത്തി നിവാസികൾ
text_fieldsവടക്കാഞ്ചേരി: മുണ്ടത്തിക്കോട് മേഖലയിൽ ഒഴിയാതെ പുലിഭീതി. പുലിയെ കണ്ടെന്ന വാദവുമായി കൂടുതൽ നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ആശങ്ക കനക്കുന്നത്. പുതുരുത്തി കണ്ണംകുളം മേഖലയിൽ മൂക്കൻ വീട്ടിൽ വിൻസെന്റ് ജോസഫിന്റെ വീട്ടു ചുവരിലെ നിരീക്ഷണ കാമറയിൽ പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം വീട്ടുവളപ്പിലെ മുരിങ്ങക്കായ പൊട്ടിക്കുന്നതിനിടെ പ്രദേശവാസിയായ കൊരട്ടിക്കാട്ടിൽ ഹരിയും പുലിയെ കണ്ടതായി പറയുന്നു. ഇതോടെയാണ് നാട്ടുകാർ വലിയ ആശങ്കയിലായത്. കണ്ടത് പുലിതന്നെയെന്ന് നാട്ടുകാർ ആവർത്തിക്കുമ്പോഴും വനം വകുപ്പ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കണ്ണങ്കുളം മേഖലയിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എരുമപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ യു. മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ഉദയകുമാർ, ബൈജു ജോസഫ്, ഇന്ദു ജോൺ, ഫോറസ്റ്റ് ഗാർഡ് പി.എം. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.