ലൈഫ് അപേക്ഷ: 84.07 ശതമാനം പരിശോധന പൂർത്തിയായി; 64.48 ശതമാനം പേർ കരട് പട്ടികയിൽ
text_fieldsതൃശൂർ: സർക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫിൽ 9,20,260 അപേക്ഷകളിൽ 7,73,700 പേരുടെ പരിശോധന കഴിഞ്ഞപ്പോൾ കരട് ഗുണഭോക്തൃ പട്ടികയിൽ 5,00,399 പേർ ഇടം നേടി. വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതിയിൽ 84.07 ശതമാനം അപേക്ഷകരുടെ സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയായപ്പോൾ 2,73,301 അപേക്ഷകരെയാണ് അയോഗ്യരെന്ന് കണ്ടെത്തി തള്ളിയത്. 64.48 ശതമാനം പേരാണ് പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇനിയും 1,46,560 അപേക്ഷ പരിശോധിക്കാനുണ്ട്. കൂടുതൽ പരിശോധന നടന്നത് ആലപ്പുഴ (95.58 ശതമാനം) ജില്ലയിലാണ്. 63,943 അപേക്ഷകരിൽ 61,115 പേരുടെ പരിശോധന പൂർത്തിയായി. 40,974 പേർ കരട് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടു. കൊല്ലം (94.27 ശതമാനം) ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 82,805 അപേക്ഷകരിൽ 78,063 പേരുടെ പരിശോധന പൂർത്തിയായി. 54,183 അപേക്ഷകളാണ് കരട് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടത്. വയനാട് (93.17 ശതമാനം), കോട്ടയം (93.15 ശതമാനം) ജില്ലകളിൽ മാത്രമാണ് പരിശോധന 90 ശതമാനം കടന്നത്.
71.16 ശതമാനം അപേക്ഷ പരിശോധിച്ച പാലക്കാട് ജില്ലയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. 1,36,228 അപേക്ഷകരിൽ 96,940 പേരുടെ പരിശോധന മാത്രമാണ് കഴിഞ്ഞത്. 61,818 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇടുക്കിയിൽ 60,005 അപേക്ഷകളിൽ 44,128 എണ്ണമാണ് പരിശോധിച്ചത്. ഇത് 73.54 ശതമാനം വരും. 28,711 പേരാണ് പട്ടികയിലുള്ളത്. കാസർകോട് 38,124 അപേക്ഷകരിൽ 27,846 പേരുടെ പരിശോധന പൂർത്തിയായി. 73.04 ശതമാനം അപേക്ഷകൾ പരിശോധിച്ചപ്പോൾ 16,882 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. അപേക്ഷ പരിശോധന കഴിയുംവരെ സമയം നൽകാനാണ് സർക്കാർ തീരുമാനം.
തുടർന്ന് കരട് പട്ടികയിൽനിന്ന് പുറത്തായവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. അവരുടെ അപ്പീലുകൾ പരിശോധിച്ചതിന് പിന്നാലെയാവും ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് ഇനിയും ഏറെ സമയം വേണ്ടിവരും. നേരത്തേ അപേക്ഷകരുടെ സ്ഥലപരിശോധന ഉൾപ്പെടെ സർക്കാർ നൽകിയ ചുമതലയിൽനിന്നും കൃഷി അസിസ്റ്റന്റുമാരെ കൃഷി വകുപ്പ് പിൻവലിച്ചിരുന്നു. തുടർന്ന് സർക്കാർ നടപടിയെടുക്കാതെ ആഴ്ചകൾ കളഞ്ഞു.
ഒടുവിൽ തദ്ദേശ വകുപ്പിലെ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി പരിശോധന നടത്തുന്നതാണ് നടപടികൾ വൈകാൻ കാരണം. തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എമ്മും കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയും തമ്മിലെ ശീതസമരമാണ് കാര്യങ്ങൾ ഇത്രമേൽ വൈകിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.