കാടുപിടിച്ച് ലൈഫ്മിഷൻ ഫ്ലാറ്റ് കെട്ടിടം
text_fieldsവടക്കാഞ്ചേരി: വിവാദ കൊടുങ്കാറ്റിലകപ്പെട്ട് നിർമാണം സ്തംഭിച്ച ചരൽപറമ്പിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയം ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാൽ കെട്ടിട ഉയരത്തോളം ഉയർന്ന കാട്ടുപൊന്തകൾക്കുള്ളിൽ.
ഫ്ലാറ്റിലേക്കുള്ള വഴി പോലും ഇല്ലാതായി. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി ഫ്ലാറ്റും പരിസരവും മാറി. ഫ്ലാറ്റിനൊപ്പം നിർമാണം നടന്നിരുന്ന ആശുപത്രി കെട്ടിടം എവിടെയെന്ന് പോലും കാണാനില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ സംസ്ഥാന നേതാക്കൾ നിരന്തരം സന്ദർശിച്ചിരുന്ന സ്ഥലമായിരുന്നു ഫ്ലാറ്റ്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫ്ലാറ്റ് സമുച്ചയം അനാഥമായി. നിയമനടപടികൾ അതിവേഗം പൂർത്തീകരിച്ച് ഫ്ലാറ്റുകൾ അർഹതപ്പെട്ടവർക്ക് അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഭവനരഹിതർക്ക് പ്രതീക്ഷയേകിയിട്ടുണ്ട്. എങ്കിലും ചുവപ്പുനാടയിലെ കുരുക്കഴിക്കാൻ കടമ്പകളേറെയാണ്.
യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസൻറാണ് പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട 140 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് സർക്കാറിനെ അറിയിച്ചത്. അനുവദിച്ച 20 കോടിയിൽ ഒമ്പതേകാൽ കോടിയും പോയത് കമീഷനായി വിവിധ മേഖലയിലുള്ളവർക്കാണ്. ഭരണത്തുടർച്ച നേടിയപ്പോൾ സർക്കാർ തലത്തിൽ നടപടികൾ ഊർജിതമാക്കുകയും നിർമാണ പുനരാരംഭത്തിന് മുന്നോടിയായി ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് ഫ്ലാറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു.
പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലാണ് ലൈഫിനെ കുരുക്കിലാക്കിയത്.
നിർമാണങ്ങളിൽ ചട്ടലംഘനങ്ങളും അഴിമതിയും നടന്നതായി ആരോപിച്ച് മുൻ എം.എൽ.എ അനിൽ അക്കര വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതോടെയാണ് നിർമാണം വിവാദത്തിലേക്ക് വഴിമാറിയത്. വിജിലൻസിന് പിന്നാലെ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.