മഴക്ക് നേരിയ ശമനം; കൊടുങ്ങല്ലൂരിൽ കെടുതികൾ തുടരുന്നു
text_fieldsകൊടുങ്ങല്ലൂർ: തീവ്രമഴക്ക് ശമനം ഉണ്ടായിട്ടും കെടുതി ഒഴിഞ്ഞില്ല. കൊടുങ്ങല്ലൂർ താലൂക്കിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
എട്ട് വില്ലേജുകളിൽനിന്നായി ഇതിനകം 230 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പകൽ തുടങ്ങി ചൊവ്വാഴ്ച പുലർച്ച വരെ തുടർന്ന കനത്തമഴ സൃഷ്ടിച്ച വെള്ളക്കെട്ടാണ് ദുരിതമായത്. വെള്ളം ഒഴിഞ്ഞുപോകാത്തത് നൂറുകണക്കിന് കുടുംബങ്ങളെ ബാധിച്ചു. എടവിലങ്ങ്-എറിയാട് പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്ന അറപ്പ തോട് ചൊവ്വാഴ്ച പുലർച്ച മൂന്നോടെ മണ്ണുമാന്തി ഉപയോഗിച്ച് പൊട്ടിച്ച് മഴവെള്ളം കടലിലേക്ക് ഒഴുക്കിയത് കടലോര മേഖലയിൽ ചെറിയൊരു ആശ്വാസമായി.വലുതും ചെറുതുമായ തോടുകളും പുഴകളും കവിയുക മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളും റോഡുകളും വീട്ടുവളപ്പുകളുമെല്ലാം വെള്ളം നിറഞ്ഞ് ജനം ബുദ്ധിമുട്ടുകയാണ്. മേത്തല വടശ്ശേരി കോളനിയിൽ തകർന്ന വീട്ടിൽനിന്ന് കുടുംബം ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
ഏങ്ങണ്ടിയൂർ സുജിനിയുടെ വീടാണ് പാതിരാവിൽ തകർന്നത്. കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിൽ നാരായണമംഗലത്ത് ചൊവ്വാഴ്ച പുലർച്ച അേഞ്ചാടെ നിലംപൊത്തിയ മരം ഗതാഗത തടസ്സം സൃഷ്ടിച്ചു. കൊടുങ്ങല്ലൂർ അഗ്നിരക്ഷാസേന യൂനിറ്റ് തീവ്രശ്രമം നടത്തിയതോടെയാണ് റോഡിലെ തടസ്സം നീക്കാനായത്.
കനോലി കനാലിലും വെള്ളം ഉയർന്നിട്ടുണ്ട്. മതിലകം പഞ്ചായത്തിലെ ദുരിതബാധിതരെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുറന്ന ക്യാമ്പിലേക്കാണ് മാറ്റിയത്. പി. വെമ്പല്ലൂർ അയ്യപ്പൻകാവ് എം.ഇ.എസ് സ്കൂൾ, കാര ഗവ. ഫിഷറീസ് സ്കൂൾ, അഴീക്കോട് മേനോൻ സൈക്ലോൺ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലും ക്യാമ്പ് തുറന്നിട്ടുണ്ട്.
കൊടുങ്ങല്ലൂർ ബൈപാസ് സർവിസ് റോഡിൽ പലയിടത്തും രൂക്ഷ വെള്ളക്കെട്ടുണ്ട്.
ജങ്കാർ സർവിസ് ഇന്ന് നിർത്തിവെക്കും
അഴീക്കോട്: ശക്തമായ മഴയിൽ കായലിൽ നീരൊഴുക്ക് വർധിച്ചതോടെ തടികളും മറ്റും ഒഴുകിയെത്തുന്നതിനാൽ ബുധനാഴ്ച അഴീക്കോട് -മുനമ്പം ജങ്കാർ സർവിസ് നിർത്തിവെക്കുമെന്ന് കരാറുകാരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.