മിന്നൽ ചുഴലി: കർഷക സംഘം നേതാക്കൾ സന്ദർശിച്ചു
text_fieldsകാഞ്ഞാണി: മിന്നൽ ചുഴലിയിൽ സംഭവിച്ച നാശനഷ്ടങ്ങളും കേടുപാടുകളും അപകടങ്ങളും പ്രകൃതിദുരന്തങ്ങളായി കണക്കാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ജില്ല സെക്രട്ടറിയും കെ.എൽ.ഡി.സി അംഗവുമായ എ.എസ്. കുട്ടി ആവശ്യപ്പെട്ടു.
മിന്നൽ ചുഴലിയിൽ മണലൂർതാഴം കോൾപടവിന്റെ ബ്രാട്ടിതറയിലെ മോട്ടോർ ഷെഡ് പരിസരത്തെ ഷെഡ് തകർന്നിരുന്നു. ഈ സമയം ബൈക്കിലെത്തിയ പടവ് കമ്മിറ്റി അംഗവും കർഷകനുമായ മണലൂർ സ്വദേശി പള്ളിക്കുന്നത്ത് ജോസിന് (58) ഷെഡിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ഗുരുതരമായ പരിക്കേറ്റിരുന്നു.
കാലൊടിയുകയും മൂന്ന് വാരിയെല്ലുകൾ പൊട്ടുകയും ചെയ്തിരുന്നു. ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
അരിമ്പൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മിന്നൽ ചുഴലി കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കർഷകസംഘം ജില്ല സെക്രട്ടറിയും സംഘവും അപകട പ്രദേശങ്ങൾ സന്ദർശിച്ചത്.
ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, സി.പി.എം മണലൂർ, അരിമ്പൂർ ലോക്കൽ സെക്രട്ടറിമാരായ കെ.വി. ഡേവീസ്, കെ.ആർ. ബാബുരാജ്, കർഷക സംഘത്തിന്റെയും പടവ് കമ്മിറ്റിയുടെയും ഭാരവാഹികളായ കെ. രാഗേഷ്, എൻ.ആർ.എസ്. ബാബു, പി.എസ്. പ്രസാദ്, എം.ബി. മോഹനൻ, ടി.ബി. അജയൻ, കെ.കെ. രാമദാസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.