കടവല്ലൂരിൽ മാലിന്യം തള്ളൽ പതിവാകുന്നു
text_fieldsപെരുമ്പിലാവ്: സംസ്ഥാന പാതയിലെ ജില്ല അതിർത്തിയായ കടവല്ലൂർ പാടത്ത് മാലിന്യം തള്ളൽ പതിവാകുന്നു. പാടത്തെ തോട്ടിലേക്ക് മാലിന്യം തള്ളിയതായി കണ്ടെത്തി. രാത്രിയുടെ മറവിലാണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്. ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ വഴിയാത്രികർ ദുരിതത്തിലാണ്.
ജലാശയത്തിൽ മാത്രമല്ല റോഡിലും മാലിന്യം കെട്ടി കിടക്കുകയാണ്. തോട്ടിലും പാടശേഖരത്തിലും മാലിന്യം തള്ളുന്നത് പതിവായതിനാൽ കർഷകരും വലിയ ആശങ്കയിലാണ്. മികച്ച വിളവ് ലഭിക്കുന്നതിനും നെല്ലിന്റെ ഗുണമേന്മക്കും മാലിന്യം തടസ്സമാകുമെന്നാണ് കർഷകർ പറയുന്നത്. മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് കർഷകർ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. കലക്ടറുടെ നിർദേശപ്രകാരം പൊലീസ് ശക്തമായ നിരീക്ഷണം നടത്തിയതിനെ തുടർന്ന് മാലിന്യം തള്ളാനെത്തിയ വാഹനം പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പ്രദേശത്ത് മാലിന്യം തള്ളുന്നത് നിർത്തിയിരുന്നുവെങ്കിലും ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.
തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം പാടശേഖരത്തോട് ചേർന്നുകിടക്കുന്ന വീടുകളിലെ കിണറുകളിലേക്ക് ചെന്നു ചേരുന്നതായി സമീപ വാസികൾ പറയുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ഭിതിയുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പുൽക്കാടുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ രാത്രി മാലിന്യം തള്ളുന്നവർക്ക് ഇത് മറയാകുന്നുണ്ട്. ഈ മേഖലയിൽ കടവല്ലൂർ പഞ്ചായത്ത് അധികൃതർ വർഷങ്ങൾക്കു മുൻപ് നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കായി ഇത് നീക്കം ചെയ്തുവെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.