ലിറ്റിൽ കൈറ്റ്സ്: തൃശൂർ ജില്ലയിൽ 28,855 കുട്ടികൾ അംഗങ്ങളായി
text_fieldsതൃശൂർ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി സർക്കാറിന് കീഴിലുള്ള ‘കൈറ്റ്’ (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജുക്കേഷൻ) നടപ്പാക്കുന്ന ഐ.ടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി ക്ലബില്‍ ഇതുവരെ ജില്ലയിലെ 28,855 കുട്ടികള്‍ അംഗങ്ങളായി.
രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം, ഡിജിറ്റല്‍ മാപ്പിങ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത് നല്കല്, സ്കൂള്‍ ടി.വി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകള്‍ നടത്തിവരുന്നുണ്ട്. ക്ലബിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ഈമാസം എട്ട് വരെ അപേക്ഷിക്കാം.
അപേക്ഷകരില്‍നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ 13ന് നടക്കും. സ്കൂളില്‍നിന്നും ലഭിക്കുന്ന അപേക്ഷഫോറത്തില്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അഭിരുചി പരീക്ഷക്ക് തയാറാകുന്ന വിദ്യാര്‍ഥികൾക്ക് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ 6.30നും രാത്രി എട്ടിനും പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യും.
സ്കൂൾ അധ്യയനത്തെ ബാധിക്കാതെയും അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ ‘എ’ ഗ്രേഡ് നേടുന്നവർക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് കൈറ്റ് ജില്ല കോ ഓഡിനേറ്റർ എം. അഷ്റഫ് അറിയിച്ചു. വിശദാംശങ്ങള്‍ക്ക്: www.kite.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.