ജീവിക്കണം, കോവിഡിനൊപ്പം
text_fieldsതൃശൂർ: കോവിഡിനൊപ്പം ജീവിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തോട് പുറംതിരിയുകയാണോ ജില്ല. പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുകുയാണ് ലോകം മുഴുവൻ. ഇതര സംസ്ഥാനങ്ങളും ജില്ലകളും വിഭിന്നമല്ല. എന്നാൽ, അടച്ചിടുന്ന അങ്ങാടികളാണ് ലോക്ഡൗൺ തുറന്നിടൽ നാളുകളിൽ ജില്ലയിൽ കാണുന്നത്.
പ്രതിരോധ വാക്സിൻ എത്തുന്നത് വരെ സോപ്പ്, മാസ്ക്, സാമൂഹിക അകലം പാലിച്ച് ജീവിതം തിരിച്ചുപിടിക്കുകയല്ലാതെ രക്ഷയില്ല. എന്നാൽ, സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുത്ത് വിപണി തുറക്കാതെ നിർവാഹമില്ല. നേരത്തേ ജില്ലയിൽ നടപ്പാക്കിയ മാർക്കറ്റ് മാനേജ്മെൻറ് സംവിധാനം സംസ്ഥാനത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. എന്നാൽ, കഴിഞ്ഞ ആറു മുതൽ അങ്ങാടികൾ അടച്ചിട്ടതോടെ വ്യാപാരികളും തൊഴിലാളികളും ഏറെ ബുദ്ധിമുട്ടുകയാണ്. ശകതൻ പച്ചക്കറി മാർക്കറ്റ് പൂർണമായും അടച്ചിട്ടിട്ട് 23 ദിവസമായി. പച്ചക്കറി മാർക്കറ്റ് മാസങ്ങളായി നിർജീവമാണ്. നഗരത്തിൽ അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അറുനൂറിൽ അധികമാണ്. തൊഴിൽ ഇല്ലാതെ പ്രതിസന്ധിയിലായ തൊഴിലാളികൾ മൂവായിരത്തിലധികം വരും. ആയിരത്തോളം ചുമട്ടുതൊഴിലാളികളാണ് അങ്ങാടികൾ അടച്ചിട്ടതോടെ പട്ടിണിയിലായത്. കോവിഡ് വന്നതോടെ കുറഞ്ഞ ജോലിക്കൊപ്പം അടച്ചിടൽ കൂടി വന്നതോടെ വീട് അടച്ചിടേണ്ട ഗതികേടിലാണ്.
ശകതൻ മാർക്കറ്റിൽ പച്ചക്കറിയും മറ്റ് സാധനങ്ങളുമായെത്തുന്ന ലോറികൾ പരിശോധിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ആദ്യഘട്ടങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. ശക്തൻ കേന്ദ്രീകരിച്ച് നടന്നിരുന്ന പച്ചക്കറി വിൽപന ഇപ്പോൾ മറ്റ് പല സ്ഥലങ്ങളിലേക്കും മാറ്റിയിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ പേരിൽ ശക്തനിലെ കടകൾ അടച്ചിടുന്നവർ ഇതേ പച്ചക്കറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരു മുൻകരുതലുമില്ലാതെ ഇറക്കിപ്പോകുന്നുമുണ്ട്. പതിറ്റാണ്ടുകളായി പച്ചക്കറി കച്ചവടത്തിെൻറ പ്രധാനകേന്ദ്രമായിരുന്ന ശക്തന് പകരം ഒരു സമാന്തര മാർക്കറ്റ് നിലവിൽ വന്നു എന്നത് മാത്രമാണ് ഈ അടച്ചിടലിെൻറ ബാക്കിപത്രം.
ശക്തന് പുറമെ മത്സ്യ മാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവക്കും ആഴ്ചകളായി താഴ് വീണിരിക്കുകയാണ്. എന്നാൽ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മാർക്കറ്റുകൾ അതിനിയന്ത്രണ മേഖലകളിൽകൂടി തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ജനം മാറാതെ എങ്ങനെ?
എല്ലാ മേഖലകളിലും കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും ആളുകൾക്ക് ഒരു നിയന്ത്രണവും ഇല്ലാത്തതാണ് അശാസ്ത്രീയമായ പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കാൻ അധികൃതരെ നിർബന്ധിപ്പിക്കുന്നത്. കോവിഡ് മഹാമാരി പ്രതിരോധത്തിനായി ജില്ല ഭരണകൂടം നൽകിയ നിർദേശങ്ങൾ എല്ലാം കാറ്റിൽപറത്തുകയാണ് സമൂഹം. എത്തുന്നവരുടെ പേരുകൾ എഴുതി സൂക്ഷിക്കുക അടക്കം കാര്യങ്ങൾ പൊതുസ്ഥാപനങ്ങളിൽ പോലും പാലിക്കപ്പെടുന്നില്ല.
കൈ കഴുകാൻ സോപ്പും വെള്ളവും ഒപ്പം സാനിറ്റൈസറും നിർബന്ധമാക്കിയെങ്കിലും ഒരുതവണ പോലും ഇവ ഒരുക്കാത്ത സ്ഥാപനങ്ങൾ ഏറെയുണ്ട്. 60ന് മുകളിൽ പ്രായമായവരെ കടകളിൽ നിർത്തരുതെന്ന് പറയുന്നതും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. ഇതിെൻറയെല്ലാം പശ്ചാത്തലത്തിൽ ജില്ല ആരോഗ്യ വകുപ്പ് 30 പരിശോധന സംഘങ്ങളെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും പാഠം പഠിക്കാത്ത ജനത്തെ ഇങ്ങനെയല്ലാതെ എങ്ങനെ കൈകാര്യം െചയ്യുമെന്ന ചോദ്യമാണ് അധികൃതരിൽനിന്ന് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.