തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം നാളെ മുതൽ
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബർ 12 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെ വേണം പത്രിക സമർപ്പിക്കേണ്ടത്.
നവംബർ 12 മുതൽ 19 വരെ രാവിലെ 11 നും ഉച്ചയ്ക്ക്‌ശേഷം മൂന്നിനും ഇടക്കുള്ള സമയത്ത് പത്രിക സമർപ്പിക്കാവുന്നതാണ്. അവധി ഒഴികെയുള്ള ദിവസങ്ങളിൽ വേണം പത്രിക സമർപ്പിക്കേണ്ടത്. നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥികൾ 2എ ഫോറവും പൂരിപ്പിച്ച് നൽകേണ്ടതാണ്. ഓരോ ദിവസവും ലഭിക്കുന്ന നാമനിർദ്ദേശങ്ങളുടെ പട്ടികയോടൊപ്പം 2എ ഫോറവും വരണാധികാരികൾ പ്രസിദ്ധപ്പെടുത്തും.
ഒരു തദ്ദേശസ്ഥാപനത്തിൽ മത്സരിക്കുന്നയാൾ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടറായിരിക്കുകയും പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയാകുകയും വേണം. സ്ഥാനാർഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ ഒരു വോട്ടർ ആയിരിക്കുകയും വേണം.
സംവരണ വാർഡിൽ മത്സരിക്കുന്നവർ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ജാതിസർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. സ്ഥാനാർത്ഥികൾക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാൻ പാടില്ല.
ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രികാ സമർപ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിനും കോർപ്പറേഷനും 3000 രൂപയുമാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് പകുതി തുക നിക്ഷേപമായി നൽകിയാൽ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.