പാതയോരങ്ങളിലെ പരസ്യങ്ങൾക്ക് തദ്ദേശവകുപ്പ് കടിഞ്ഞാണിടുന്നു
text_fieldsതൃശൂർ: പാതയോരങ്ങളിലെ രാഷ്ട്രീയ-വർഗ-ബഹുജന-സാമുദായിക സംഘടനകളുടെ പരസ്യപ്രചാരണങ്ങൾക്ക് തദ്ദേശവകുപ്പ് കടിഞ്ഞാണിടുന്നു. ഇനി കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ മുൻകൂർ അനുവാദം വേണം. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് തോരണങ്ങൾ സ്ഥാപിക്കാനും അനുമതി വേണം. ഗതാഗതത്തിനും കാൽനടക്കും തടസ്സമാകുന്ന രീതിയിൽ പരസ്യങ്ങളും തോരണങ്ങളും അനുവദിക്കില്ല.
കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്താൽ തദ്ദേശ സെക്രട്ടറി കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും സഹായം തേടണം. സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്‍റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം. ഗതാഗതത്തിനും കാൽനടക്കും തടസ്സമാകുന്ന രീതിയിൽ പരസ്യംചെയ്തിട്ടുണ്ടെങ്കിൽ സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സർക്കുലറിൽ നിർദേശിച്ചു.
സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ നയം രൂപവത്കരിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചേർന്ന സർവകക്ഷി യോഗത്തിന്‍റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട നിർദേശങ്ങളാണ് പൊതു മാർഗനിർദേശത്തിന്‍റെ രൂപത്തിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.
പൊതുസ്ഥലങ്ങളിൽ അനധികൃത ഫ്ലക്സുകളോ കൊടികളോ ഹോർഡിങ്ങുകളോ വെച്ചാൽ പിഴയും നിയമനടപടികളും സ്വീകരിക്കാൻ കേരള റോഡ് സേഫ്റ്റി കമീഷണർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച നടപടിക്കും തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സ്ഥാപിക്കപ്പെട്ട പരസ്യബോർഡുകൾ മാറ്റാനുള്ള ഉത്തരവാദിത്തം സ്ഥാപിച്ചവരെ ഏൽപിക്കണം. പരസ്യബോർഡുകളിൽ അത് തയാറാക്കിയ പരസ്യ ഏജൻസിയുടെ പേരും വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒട്ടേറെ വിധിന്യായങ്ങൾക്കും ഉത്തരവുകൾക്കും ശേഷമാണ് പൊതുനിരത്തിലെ അനധികൃത പരസ്യബോർഡുകളും കൊടിതോരണങ്ങളും നീക്കാനുള്ള നടപടികൾ തദ്ദേശവകുപ്പ് തുടങ്ങിയത്. രാഷ്ട്രീയ പാർട്ടികളുടെ വിമുഖതയായിരുന്നു മെല്ലെപ്പോക്കിന് ഇടയാക്കിയത്. ഇതിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, പരസ്യഏജൻസികൾ എന്നിവരുമായി ഒന്നിലധികം തവണ തദ്ദേശ വകുപ്പ് അധികൃതർ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.