പാലപ്പിള്ളിയിൽ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞുവെച്ചു.
സൈനുദീന്റെ മൃതദേഹം കണ്ട് മടങ്ങാനൊരുങ്ങിയ പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും വനപാലകര്‍ കാര്യക്ഷമമായി ഇടപെടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
പിന്നീട് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി കലക്ടറും സംഘവും സ്ഥലത്തെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. വിഷയത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസില്‍ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
വനപാലകരുടെ നേതൃത്വത്തില്‍ രാത്രികാല നിരീക്ഷണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്തെത്തിയ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു.
തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ തോട്ടം മാനേജ്‌മെന്‍റിന് എം.എല്‍.എ നിര്‍ദേശം നല്‍കി. വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കലക്ട്രേറ്റില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ മലയോര മേഖലയിലെ വന്യമൃഗശല്യം ഉന്നയിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കെ.കെ.രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.രഞ്ജിത്ത്, സുനില്‍ അന്തിക്കാട്, എ.നാഗേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.