‘ഡീൽ’ ഓർമിപ്പിച്ചും വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേട്ടും മുരളീധരൻ
text_fieldsതൃശൂർ: യു.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരന്റെ ബുധനാഴ്ചത്തെ പ്രചാരണ പര്യടനം പുതുക്കാട് മണ്ഡലത്തിലായിരുന്നു. കുറുമാലിക്കാവ് ഭഗവതി ക്ഷേത്ര ദർശനത്തോടെ തുടങ്ങിയ പ്രചാരണത്തിന്റെ ഭാഗമായി വീടുകളും ആരാധനാലയങ്ങളും വിവിധ സ്ഥാപനങ്ങളും വീടുകളും സ്ഥാനാർഥി സന്ദർശിച്ചു.
കേരളത്തിലാകെ സി.പി.എം-ബി.ജെ.പി ‘ഡീൽ’ ഉണ്ടെന്ന ആരോപണം ആവർത്തിക്കുന്ന മുരളീധരൻ കേരളത്തിൽ ഭരണം പരാജയമാണെന്ന ആക്ഷേപവും ഉന്നയിച്ചാണ് പ്രചാരണവുമായി നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തിൽ ഇ.ഡി കേസെടുത്തതും ഡീലിന്റെ ഭാഗമാണെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. നന്തിക്കര സെന്റ് മേരീസ് ചർച്ചിൽ കയറി വോട്ടഭ്യർഥിച്ച ശേഷം എത്തിയത് സച്ചി ഓട്ട് കമ്പനിയിലാണ്. ഓട് വ്യവസായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിലാളികളിൽനിന്ന് കേട്ടറിഞ്ഞ സ്ഥാനാർഥി ഈ അവസ്ഥക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന കുറ്റപ്പെടുത്തലും നടത്തി.
ഒരുകാലത്ത് നൂറിലധികം ഓട്ടുകമ്പനികൾ ഉണ്ടായിരുന്ന പുതുക്കാട് മേഖലയിൽ അവശേഷിക്കുന്നത് 30ഓളം കമ്പനികളാണ്. ഇതിൽതന്നെ നൂറുകണക്കിന് തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 70ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സച്ചി കമ്പനി എപ്പോൾ വേണമെങ്കിലും പൂട്ടാവുന്ന അവസ്ഥയിലാണെന്നും കർണാടകയിൽനിന്ന് വലിയ വിലകൊടുത്ത് കൊണ്ടുവരുന്ന കളിമണ്ണ് ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ തൊഴിലാളികളോട് വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകി. രാപ്പാളിലെ മുതിർന്ന നേതാവായിരുന്ന അന്തരിച്ച വിലാസിനി അമ്മയുടെ വീട്ടിലെത്തി മകൻ ഹരിനാരായണനെ കണ്ടു. ആനന്ദപുരം ശ്രീമഹാദേവ ക്ഷേത്രം, തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം, തൊട്ടിപ്പാൾ സെന്റ് മേരീസ് ചർച്ച്, പറപ്പൂക്കര ടൗൺ എന്നിവിടങ്ങളിലും പ്രചാരണം നടത്തി. ഉച്ചക്ക് ശേഷം പാവറട്ടി, പറപ്പൂർ, ചൂണ്ടൽ, കേച്ചേരി, മറ്റം എന്നിവിടങ്ങളിലും പര്യടനം നടത്തി.
മുരളീധരന്റെ ‘പ്രൊഫൈൽ പിക്’ കാമ്പയിൻ തുടങ്ങി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കാമ്പയിനിൽ പങ്കാളിയായി കെ. മുരളീധരൻ. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്ഥാനാർഥിയുടെ പ്രൊഫൈൽ പിക് കാമ്പയിൻ ആരംഭിച്ചു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ജില്ല ചെയർമാൻ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥിയെ കൂടാതെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിന്, മുന്‍ എം.എല്‍എമാരായ അനില്‍ അക്കര, ടി.വി ചന്ദ്രമോഹന് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.