നാടിളക്കി പ്രചാരണം
text_fieldsതൃശൂർ: ‘കുറി വരച്ചാലും കുരിശ് വരച്ചാലും, കുമ്പിട്ട് നിസ്കരിച്ചാലും...’എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തൃശൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് വോട്ടഭ്യർഥിക്കാൻ എത്തിയത്. മണലൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയുടെ രണ്ടാംഘട്ടം പര്യടനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ഗാനാലാപനം. മഴുവഞ്ചേരി ഇ.എം.എസ് നഗറിൽ മുരളി പെരുനെല്ലിയുടെ അധ്യക്ഷതയിൽ മന്ത്രി പര്യടനം ഉദ്ഘാടനം ചെയ്തു.
കേച്ചേരി സെന്ററിലും ചൂണ്ടൽ സെന്ററിലും തായംകാവ് പാറപ്പുറത്തും തിരുവത്ര കോളനിയിലും സ്വീകരണത്തിന് ശേഷം തീപ്പെട്ടി കമ്പനി പരിസരത്ത് എത്തുമ്പോൾ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേർ ചുവന്ന ബലൂണുമായി മന്ത്രിയെ സ്വീകരിക്കാനെത്തി. ചങ്ങരംകുളത്തെ സ്വീകരണത്തിനുശേഷം അരിയന്നൂരിൽ എത്തുമ്പോൾ പഴങ്ങളും പുഷ്പങ്ങളുമാണ് സമ്മാനം. ബ്രഹ്മകുളം ശിവക്ഷേത്ര പരിസരം, കോതകുളങ്ങര ക്ഷേത്ര പരിസരം, മരുതയൂർ കവല എന്നിവിടങ്ങളിൽ എത്തുമ്പോൾ പൊള്ളുന്ന വെയിലാണ്. പക്ഷെ ജനക്കൂട്ടത്തിന് ക്ഷീണമൊട്ടുമില്ല. 1362 തവണ ‘വി.എസ് സുനിൽകുമാർ’ എന്ന് എഴുതി തയാറാക്കിയ ചിത്രം പി.കെ. സഫാന സമ്മാനിച്ചു. തത്തക്കുളങ്ങര അമ്പല പരിസരം, വാലിപടി, പുവ്വത്തൂർ കാട്ടേരി എന്നിവിടങ്ങളിൽ കലാരൂപങ്ങളോടെയായിരുന്നു എതിരേറ്റത്. ചിറ്റാട്ടുകരയിൽനിന്ന് വൈകീട്ട് മൂന്നിന് പര്യടനം പുനഃരാരംഭിച്ചു. ഊരകത്തായിരുന്നു ആദ്യ സ്വീകരണം. ആയുർവേദ ആശുപത്രി പരിസരത്ത് പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ നൽകിയായിരുന്നു സ്വീകരണം. രാത്രി വാടാനപ്പള്ളി സെന്ററിലായിരുന്നു സമാപനം. എൽ.ഡി.എഫ് നേതാക്കളായ കെ.എഫ്. ഡേവീസ്, കെ.പി. രാജേന്ദ്രൻ, ടി.വി. ഹരിദാസൻ, രാഗേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രഫഷനലുകളുടെ കുടുംബ സംഗമം
തൃശൂര്‍: തൃശൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനില്‍കുമാറിന്റെ വിജിയത്തിനായി തൃശൂരിലെ പ്രഫഷനലുകളുടെ കുടുംബ സംഗമം ചേർന്നു. ഡോ. വി. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മനുഷ്യൻ മനുഷ്യനായി ജീവിക്കണോ അതോ മതങ്ങളാല് ഭരിക്കപ്പെട്ട് ജീവിക്കണോ എന്ന് തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വര്‍ഗീയവത്കരണത്തിന് പ്രതിരോധമായി സുനില്‍കുമാറിനെ ജയിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി. ജയൻ അധ്യക്ഷത വഹിച്ചു. ഐ.എം.എ ജില്ല മുൻ പ്രസിഡന്റ് ഡോ. വി. ഗോവിന്ദന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. സലിം, വി.എം. ഹാരിസ്, ഇന്ദുമതി, വി.വി. ഹാപ്പി, ഡോ. എൻ. ഉഷാറാണി, കെ.പി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
തീരദേശ മേഖലയിലെ ദുരിതം കണ്ടറിഞ്ഞ് മുരളീധരൻ
വാടാനപ്പള്ളി: മണലൂർ നിയോജക മണ്ഡലത്തിലെ മണലൂർ ബ്ലോക്കിൽ യു.ഡി.എഫ് തൃശൂർ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ പര്യടനം നടത്തി. വാടാനപ്പള്ളിയിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുൻ എം.എൽ.എ പി.എൻ. മാധവൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ തീരദേശ മേഖലയിലെ ജനങ്ങൾക്ക് വരുത്തുന്ന ദുരിതങ്ങൾ കണ്ടും കേട്ടും അറിഞ്ഞായിരുന്നു മുരളീധരന്റെ പ്രയാണം. അധികാരത്തിൽ എത്തിയാൽ പരിഹാരം ഉണ്ടാകുമെന്ന് സ്ഥാനാർഥി ഉറപ്പുനൽകി. പൗരത്വ ഭേദഗതി നിയമവും പരാമർശിച്ചു. പര്യടനം വെങ്കിടങ്ങ് മുപ്പട്ടിത്തറ സെന്ററിൽ എത്തിയപ്പോൾ ചാണ്ടി ഉമ്മൻ എം.എൽ.എയും കാത്തുനിൽപ്പുണ്ടായിരുന്നു. സ്ഥാനാർഥിയെ ഹാരമണിയിച്ച് വരവേറ്റ് തുറന്ന വാഹനത്തിൽ മേച്ചേരിപ്പടി വരെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.