എം.പിയുടെ പരിമിതികളറിയാം -കെ. മുരളീധരൻ; നൽകാനുള്ളത് ഒപ്പം ഉണ്ടാകുമെന്ന ഉറപ്പ് -വി.എസ്. സുനിൽകുമാർ
text_fieldsതൃശൂർ: എം.പിയുടെ പരിമിതികൾ വർഷങ്ങളുടെ അനുഭവം കൊണ്ട് നന്നായി അറിയാവുന്നതിനാൽ ഏറെ വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഏതിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് നൽകാനുള്ളതെന്നും സാധിക്കുന്ന എല്ലാത്തിലും ഇടപെടൽ ഉണ്ടാകുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. തൃശൂർ ചേംബർ ഓഫ് കൊമേഴ്സ് ചേംബർ ഹാളിൽ സംഘടിപ്പിച്ച തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥികളുടെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ചേംബർ സമർപ്പിച്ച പത്തിന ആവശ്യങ്ങളും നിർദേശങ്ങളും അധികരിച്ചാണ് സ്ഥാനാർഥികൾ സംസാരിച്ചത്. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പങ്കെടുത്തില്ല. എം.പിമാർ കൂട്ടായി ശ്രമിച്ചാലും ചില പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചുനിന്നില്ലെങ്കിൽ നടപ്പാവില്ല എന്നതിന് ഉദാഹരണമാണ് നിർദ്ദിഷ്ട ഗുരുവായൂർ-തിരുനാവായ റെയിൽപാതയെന്ന് മുരളീധരൻ പറഞ്ഞു. സ്ഥലമെടുപ്പാണ് പ്രശ്നം. എം.എൽ.എക്ക് വർഷത്തിൽ ആറ് കോടി രൂപ ആസ്തി വികസന ഫണ്ടായി ലഭിക്കുമ്പോൾ ഏഴ് നിയമസഭ മണ്ഡലങ്ങളുടെ ചുമതലയുള്ള എം.പിക്ക് കിട്ടുന്നത് അഞ്ച് കോടിയാണ്. പല വകുപ്പുകളും ഒരുമിച്ച് നീങ്ങിയില്ലെങ്കിൽ വികസനം നടപ്പാക്കാൻ പറ്റില്ല. വിവാദമില്ലാത്ത അവസ്ഥയിൽ തൃശൂർ പൂരം നടക്കാൻ വേണ്ടത് ചെയ്യും. മെട്രോ റെയിൽ തൃശൂരിലും വേണമെന്ന ആവശ്യം ന്യായമാണെന്നും ശ്രമം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
തൃശൂർ നഗരത്തിൽ ട്രേഡ് സെന്റർ സ്ഥാപിക്കണമെന്ന ആവശ്യം സാധ്യമാക്കാൻ മാർഗമുണ്ടെന്ന് വി.എസ്. സുനിൽകുമാർ പറഞ്ഞു. മൃഗശാല നഗരത്തിൽനിന്ന് പുത്തൂരിലേക്ക് പൂർണമായി മാറ്റുമ്പോള് ഒമ്പതര ഏക്കർ സ്ഥലം ഒഴിവാകും. അതിൽ ഒരു ഭാഗം ഇത്തരം ആവശ്യങ്ങൾക്ക് എടുക്കാമെന്ന നിർദേശം ഉള്ളതാണ്. തൃശൂർ പൂരം രാഷ്ട്രീയവിവാദം ആക്കരുത് എന്നാണ് നിലപാടെന്ന് സുനിൽകുമാർ പറഞ്ഞു. ആനകളുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഇടപെടൽ വേണം. ആചാരം പാലിക്കണമെന്ന് പറയുകയും അതേസമയം എല്ലാം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സുനിൽകുമാർ പറഞ്ഞു. ചേംബർ സെക്രട്ടറി ജീജി ജോർജ് നിർദേശങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് സജീവ് മഞ്ഞില സ്വാഗതവും ട്രഷറർ ജോസ് കവലക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.