40,000ന് മുകളിൽ ഭൂരിപക്ഷമെന്ന് യു.ഡി.എഫ്; ഏഴ് മണ്ഡലത്തിലും മുന്നിലെന്ന് എൽ.ഡി.എഫ്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ പോളിങ്ങിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ കണക്കുകൾ വെച്ചുള്ള പരിശോധനയുടെ തിരക്കിൽ. പാർട്ടിതല പരിശോധന ഘട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇനി മുന്നണി തലത്തിൽ പരിശോധിക്കും. ബൂത്ത് തലം മുതലുള്ള കണക്കുകൾ പരിശോധിച്ച സി.പി.ഐ അടുത്തമാസം രണ്ടിന് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ തൃശൂരിന്റെ സാധ്യത അവതരിപ്പിക്കും. ലോക്സഭ മണ്ഡലം തല എൽ.ഡി.എഫ് യോഗം ചേരാനിരിക്കുന്നതേയുള്ളൂ. കോൺഗ്രസും കണക്കുകൾ ശേഖരിച്ചു. തിങ്കളാഴ്ച ലോക്സഭ മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്തി. ബി.ജെ.പി യോഗം ചേർന്നിട്ടില്ലെങ്കിലും കണക്കുകൾ ശേഖരിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ട്. യോഗം രണ്ട് ദിവസത്തിനകം ചേരും.
ഗുരുവായൂർ, നാട്ടിക, മണലൂർ, തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് തൃശൂർ ലോക്സഭ മണ്ഡലം. ഏഴിടത്തും ലീഡ് നേടുമെന്ന് എൽ.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബൂത്ത്, പഞ്ചായത്ത്, നഗരസഭ തലത്തിലുള്ള കണക്കുകൾ എടുത്തു. വോട്ടർപട്ടിക വെച്ച് തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് പരിശോധന നടത്തി. അതിൽ പട്ടികയിലുള്ളവർ, സ്ഥാനാർഥികളുടെ സാധ്യത, പോരായ്മ തുടങ്ങിയ ഘടകങ്ങളാണ് അറിയാൻ ശ്രമിച്ചത്. നാലാമത്തെ പരിശോധന വോട്ടെടുപ്പിന് ശേഷം അതിന്റെ അടിസ്ഥാനത്തിലാണ് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം നേടുമെന്ന വിലയിരുത്തലിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നിന്നുതന്നെയുള്ള സ്ഥാനാർഥി എന്നത് എൽ.ഡി.എഫിന് ‘പ്ലസും ബോണസും’ ആയെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.
ഇനിയും ചില കാര്യങ്ങൾ പരിശോധിക്കുകയാണ്. മറ്റ് മണ്ഡലങ്ങളിൽനിന്ന് പേര് വെട്ടി ഈ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂർ ലോക്സഭയിലേക്ക് മാറ്റിയത് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതിനെതിരെ പരാതിയും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായ ഇടപെടേണ്ട വിഷയമായിരുന്നു അത്. ആ വോട്ടുകൾ എത്രത്തോളം ഉണ്ടെന്നത് ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾകൂടി പരിഗണിച്ച് ഗൗരവത്തോടെ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.
നാട്ടിക, പുതുക്കാട് നിയമസഭ മണ്ഡലങ്ങളിലൊഴികെ അഞ്ചിടത്തും യു.ഡി.എഫ് ലീഡ് നേടുമെന്ന് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. നാട്ടികയിൽ 3,000ൽ താഴെ വോട്ടും പുതുക്കാട് 6,000ൽതാഴെ വോട്ടും എൽ.ഡി.എഫിന് ലീഡ് ഉണ്ടായേക്കും. എന്നാൽ, തൃശൂരിൽ 12,000ലധികവും മണലൂരിൽ 8,000ഓളവും ഗുരുവായൂരിൽ 15,000ലധികവും ഇരിങ്ങാലക്കുടയിൽ 7,000ലേറെയും ഒല്ലൂരിൽ 6,000ഓളവും വോട്ട് യു.ഡി.എഫ് അധികം നേടും. അന്തിക്കാട് സ്വദേശിയാണ് എന്നതും ഇപ്പോഴത്തെ നാട്ടിക മണ്ഡലം പഴയ ചേർപ്പ് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് എന്നതും ചേർപ്പ് മുൻ എം.എൽ.എ കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി സുനിൽകുമാറിന് ഗുണമായേക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പുതുക്കാട് എൽ.ഡി.എഫിന്റെ സ്വാധീന മേഖലയുമാണ്.
എൽ.ഡി.എഫും എൻ.ഡി.എയും വർണ പോസ്റ്ററുകളും മറ്റുമിറക്കി സിനിമ റിലീസിന്റെ മത്സര പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ച തെരഞ്ഞെടുപ്പിനെ ഫണ്ടിന്റെ ക്ഷാമത്തിനിടയിലും യഥാർഥ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ‘സീനിയറും സീരിയസു’മായ കെ. മുരളീധരന്റെ സാന്നിധ്യം സഹായിച്ചുവെന്നാണ് വിലയിരുത്തൽ. പത്മജ വേണുഗോപാലിന്റെ മറുകണ്ടം ചാട്ടം പ്രവർത്തകരെ ഉർജസ്വലരാക്കാൻ സഹായിച്ചു. സുരേഷ് ഗോപിയിലേക്ക് ചായുമായിരുന്ന മുന്നാക്ക വിഭാഗ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കാനും മുരളീധരന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.
ഗുരുവായൂരൊഴികെ ആറ് നിയമസഭ മണ്ഡലത്തിലും മുന്നിലെത്തുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് ബി.ജെ.പി. പിന്നെ ചെറിയ ആശങ്കയുള്ളത് ഒല്ലൂരിലാണെങ്കിലും അത്ര പ്രശ്നമാവില്ലെന്ന് ബി.ജെ.പി ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച പാലക്കാട് മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗുരുവായൂരിന്റെ ‘സ്വഭാവം’ അത്ര അനുകൂലമല്ലെന്നാണ് മനസിലായത്. അതേസമയം തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും. അടുത്ത ദിവസം യോഗം ചേർന്ന് കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.