നാട്ടികയിൽ ആര് നാട്ടും വിജയക്കൊടി?
text_fieldsഅന്തിക്കാട്: ഇടത്-വലത് മുന്നണികൾ മാറി മാറി ഭരിച്ച നാട്ടിക മണ്ഡലം 2011ൽ വെട്ടി മുറിച്ചതോടെ ഇടത് കോട്ടയായി മാറി. മത്സ്യമേഖലയായിരുന്ന നാട്ടികയിൽനിന്ന് മണപ്പുറത്തെ വേർതിരിച്ചതോടെ നെൽപ്പാടങ്ങൾ നിറഞ്ഞ കാർഷിക മേഖലുമായി. ഇ.എം.എസ് ഭരിച്ച ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ 1957ൽ നാട്ടിക മണ്ഡലം കോൺഗ്രസിനൊപ്പമായിരുന്നു. അന്ന് കെ.എസ്. അച്യുതനായിരുന്നു വിജയം. 1960ലും കോൺഗ്രസിനെ കൈവിട്ടില്ല. 1960-65 കാലഘട്ടത്തിൽ കോൺഗ്രസിലെ തന്നെ കെ.ടി. അച്യുതൻ വിജയിച്ചു. എന്നാൽ 1967ൽ മണ്ഡലം കോൺഗ്രസിനെ കൈവിട്ടു. സി.പി. ഐയിലെ കെ.ടി. കൃഷ്ണൻ വിജയക്കൊടി പാറിച്ചു. 1970 മുതൽ 77 വരെ സോഷിലിസ്റ്റ് പാർട്ടിയിലെ വി.കെ.ഗോപിനാഥനായിരുന്നു എം.എൽ.എയായത്. 1977ൽ സി.പി.ഐലെ പി.കെ.ഗോപാലകൃഷ്ണൻ മണ്ഡലം ചേർത്തുപിടിച്ചു. 1982ൽ വീണ്ടും മണ്ഡലം സിദ്ധാർഥൻ കാട്ടുങ്ങലിലൂടെ തിരിച്ചു പിടിച്ചു.
87ൽ സിദ്ധാർഥനെ തോൽപ്പിച്ച് കൃഷ്ണൻ കണിയാംപറമ്പിൽ വിജയം നേടി. തുടർച്ചയായി മൂന്നുതവണ വിജയിച്ച് കൃഷ്ണൻ കണിയാംപറമ്പിൽ കൃഷി മന്ത്രിയായി. 2001 ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണൻ കണിയാംപറമ്പിലിന്റെ കെട്ടുകെട്ടിച്ച് നാട്ടിക തട്ടകത്തിലെ തളിക്കുളം സ്വദേശിയായ ടി.എൻ. പ്രതാപൻ വിജയിച്ചു. തുടർച്ചയായി രണ്ടു തവണയായിരുന്നു പ്രതാപൻ വിജയിച്ചത്. 2011ൽ മണ്ഡലം വെട്ടി മുറിച്ചതോടെ പട്ടികജാതി സംവരണമായി. ഇതോടെ പ്രതാപന് നാട്ടിക മണ്ഡലത്തിൽ മത്സരിക്കാൻ പറ്റാതായി. മണ്ഡലം കമ്യൂണിസ്റ്റ് കോട്ടയായി.
വിഭജന ശേഷം 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ഗീത ഗോപിക്കായിരുന്നു വിജയം. 2016ലെ തെരഞ്ഞെടുപ്പിലും ഗീത ഗോപി വൻ വിജയം നേടി. എന്നാൽ 2021ൽ ഗീതക്ക് പാർട്ടി സീറ്റ് നിഷേധിച്ച് അന്തിക്കാട്ടുകാരനായ സി.സി. മുകുന്ദനെ മത്സരിപ്പിച്ചു. 28431 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതാപൻ 2000ലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉള്ളിടത്താണ് 2021 നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ 28431 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വൻ വിജയം നേടിയത്. സീറ്റ് ഉറപ്പിച്ച സിറ്റിങ് എം.പി ടി.എൻ. പ്രതാപനെ വെട്ടിയത് പ്രതാപന്റെ തട്ടകമായ നാട്ടികയിൽ കോൺഗ്രസ് പ്രവർത്തനത്തെ തുടക്കത്തിൽ മങ്ങലേൽപ്പിച്ചു. നാട്ടിക മണ്ഡലക്കാരും അയൽവാസികളുമായ വി.എസ്.സുനിൽ കുമാറും ടി.എൻ. പ്രതാപനും നേർക്കുനേർ പോരിനിറങ്ങുന്നതും സുരേഷ് ഗോപിയുടെ വരവും മത്സരം പൊടിപാറുമെന്നതിനാൽ ആരെ ഉൾക്കൊള്ളുമെന്ന ചിന്തയായിരുന്നു നാട്ടികക്കാർക്ക്.
പ്രതാപനെ മാറ്റിയതിനാർ പല കോൺഗ്രസുകാർക്കും പ്രതിഷേധമുണ്ട്. പ്രതാപൻ മാറി മുരളീധരൻ എത്തിയത് വിജയം എളുപ്പമായി എന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണിക്ക്. പ്രതാപന് തീരദേശ പഞ്ചായത്തിൽ കിട്ടേണ്ട മത്സ്യ ത്തൊഴിലാളികളുടേതടക്കം വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ എത്തുമെന്ന് ബി.ജെ.പി.യും വിലയിരുത്തുന്നു. കഴിഞ്ഞ തവണ പ്രതാപന് ഏറ്റവും ഭൂരിപക്ഷം കുറവാണ് നാട്ടികയിൽനിന്ന് ലഭിച്ചത്. ഇത്തവണ സ്ഥാനാർഥി അന്തിക്കാട്ടുകാരനായതിനാൽ ചിത്രം മാറുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തിൽ ഏഴും ഭരിക്കുന്നത് എൽ.ഡി.എഫ് ആണ്. നാട്ടിക, തളിക്കുളം, വലപ്പാട്, അന്തിക്കാട്, താന്ന്യം, ചാഴൂർ , പാറളം എന്നീ പഞ്ചായത്തുകളാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ചേർപ്പ് യു.ഡി.എഫും ആവിണിഗ്ഗേരി എൻ.ഡി.എയും ഭരിക്കുന്നു. അതേസമയം, ഭൂരിപക്ഷം നേടുമെന്ന പ്രതിക്ഷയുണ്ടെന്നും ദിവസങ്ങൾ കഴിഞ്ഞാൽ ചിത്രം മാറുമെന്നും പെരുന്നാളും വിഷുവും കഴിഞ്ഞാൽ പ്രവർത്തനം ശക്തമാകുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. നാട്ടികയിൽ ചിട്ടയായ പ്രവർത്തനം മൂലം ഇത്തവണ ലീഡ് നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ബി.ജെ.പി നേതാക്കൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.