മഷി പുരളും മനം തുറക്കും ആര്?
text_fieldsതൃശൂർ: ആര് നാട് ഭരിക്കണമെന്ന് ജനമനം ഇന്ന് തീരുമാനമെടുക്കും. വിരലിൽ സന്തോഷ മഷി പുരളും. പരസ്യ പ്രചാരണമില്ലെങ്കിലും തൃശൂർ ലോക്സഭ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർഥികളും വ്യാഴാഴ്ച വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പാച്ചിലിലായിരുന്നു. രാവിലെ 6.30ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ അവിടെനിന്ന് ഒരുമനയൂർ പട്ടികജാതി കോളനിയിൽ എത്തി.
തുടർന്ന് ഒല്ലൂർ പള്ളി നടയിൽ വീടുകൾ കയറിയിറങ്ങിലയ ശേഷം തൃശൂർ സ്വരാജ് റൗണ്ടിൽ കടകൾ കയറിയിറങ്ങി ഒരിക്കൽക്കൂടി വോട്ട് ചോദിച്ചു. വോട്ട് ചെയ്യാനായി രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ച മുരളീധരൻ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ തൃശൂരിൽ തിരിച്ചെത്തും.
എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ പൂങ്കുന്നം സീതാറാം മിൽസ്, ചേറ്റുപുഴ ചർച്ച്, നിർമല റാണി അഡോറേഷൻ പ്രൊവിൻഷ്യലേറ്റ്, ഹയാത്ത്, കണ്ടശാങ്കടവ് മാർക്കറ്റ്, മാങ്ങാട്ടുകര കോളനി, എടമുട്ടം മത്സ്യ മാർക്കറ്റ്, ഒളരി ലിറ്റിൽ ഫ്ലവർ പള്ളി, ചന്ദ്രിക സോപ്പ് കമ്പനി, സെന്റ് വിൻസെന്റ് ഡി.ആർ.സി ഹോസ്പിറ്റൽ ഇരിങ്ങാലക്കുട, സിഎസ്എം ഗുഡ് ഷെപ്പേർഡ് പ്രൊവിൻഷ്യൽ ഹൗസ്, മരിയ ഭവൻ ഇരിങ്ങാലക്കുട, ചിത്ര സെറാമിക്സ് പാഴായി, വരാക്കര ക്ഷേത്രം, വരാക്കര പള്ളി, മറ്റത്തൂർ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ, വാസുപുരം പള്ളി, വാസുപുരം ജുമാ മസ്ജിദ്, വാസുപുരം മഠം, ചെങ്ങാലൂർ പള്ളി എന്നിവിടങ്ങളിൽ കയറി വോട്ടർമാരെ കണ്ടു.
എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി വ്യാഴാഴ്ച ജില്ലക്ക് പുറത്ത് മതമേലധ്യക്ഷന്മാരെയും സമുദായ നേതാക്കന്മാരെയും ക്രൈസ്തവ ആരാധനാലയങ്ങളും സന്ദർശിക്കുന്ന തിരക്കിലായിരുന്നു. കോട്ടയം അരുവിത്തുറ സെന്റ് ജോർജ് പള്ളി, പാലാ ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടം, പാലാ അമലോത്ഭവ കുരിശുപള്ളി, എന്നിവടങ്ങളിൽ എത്തിയ അദ്ദേഹം പാലാ അരമനയിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മീനച്ചിൽ ഭാസ്കരൻ കർത്താവിന്റെ വീട്, കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറയ്ക്കൽ, അധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ എന്നിവരെയും സന്ദർശിച്ചു.
ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടു. അവിടെനിന്ന് കണിച്ചുകുളങ്ങരയിലെത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.
വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, മാർ ആലഞ്ചേരി, ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ എന്നിവരെയും സന്ദർശിച്ചു.
എല്ലാ പോളിങ് ബൂത്തിലും സി.സി.ടി.വി
തൃശൂര്‍: ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജം. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുള്ള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തല്‍സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
കലക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കമാന്‍ഡ് കണ്ട്രോള് റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും.
ഒരു നിയമസഭ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കണ്ട്രോള് റൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, പ്രശ്നബാധിത ബൂത്തുകളെ പ്രത്യേകം നിരീക്ഷിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്. റവന്യൂ, ജി.എസ്.ടി, പി.ഡബ്ല്യൂ.ഡി, അക്ഷയ, ഐ-നെറ്റ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിരീക്ഷിക്കുക. പോളിങ് ദിനത്തില്‍ രാവിലെ ആറ് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും.
പോളിങ് ബൂത്തിലെ പ്രശ്നങ്ങളും ആക്ഷേപങ്ങളും ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാന്‍ കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്ക്വാഡ്, ജില്ലയില്‍ 16 ലൊക്കേഷനുകളിലെ ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി, ഒമ്പത് പരിശീലന കേന്ദ്രം, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഡിസ്റ്റലറി ആന്‍ഡ് ബ്രൂവറി തുടങ്ങിയവയും തത്സമയം കമാന്‍ഡ് കണ്ട്രോള് റൂമില്‍ നിരീക്ഷിക്കും.
സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകൾ
1. ചേലക്കര- എല്‍.എഫ് കോണ്‍വെന്റ് ഹൈസ്കൂള്‍, ചേലക്കര എ ബ്ലോക്ക്
2. കുന്നംകുളം- ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
3. വടക്കാഞ്ചേരി- ഐ.ഇ.എസ് പബ്ലിക്ക് സ്കൂള്‍, ചിറ്റിലപ്പിള്ളി
4. ഗുരുവായൂര്‍- ലിറ്റില്‍ ഫ്ളവര്‍ കോളജ് മമ്മിയൂര്‍ നോര്‍ത്ത്
5. മണലൂര്‍ സെന്റ് തെരേസാസ് സിജി എച്ച്എസ്എസ്, ബ്രഹ്മകുലം
6. ഒല്ലൂര്‍- ദിവ്യഹൃദയ ആശ്രമം, ചെന്നായിപ്പാറ
7. തൃശൂര്‍- ഹരിശ്രീ വിദ്യാനിധി സ്കൂള്‍ സി ബ്ലോക്ക്
8. നാട്ടിക- ഗവ. വിഎച്ച്എസ് ചേര്‍പ്പ് എ ബ്ലോക്ക്
9. ഇരിങ്ങാലക്കുട- ലിസി കോണ്‍വെന്റ് യുപിഎസ് കാട്ടുങ്ങച്ചിറ (ബൂത്ത് നമ്പര്‍ മൂന്ന്)
10. പുതുക്കാട്- ജനത യുപിഎസ് പന്തല്ലൂര്‍ ബൂത്ത് നമ്പര്‍ 2
11. കയ്പമംഗലം- എംഇഎസ് അസ്മാബി കോളജ്, പി.വെമ്പല്ലൂര്‍, റൂം നമ്പര്‍ 110, കൊമേഴ്സ് ബ്ലോക്ക്, ഈസ്റ്റേണ്‍ ബില്‍ഡിങ് മിഡില്‍
12. ചാലക്കുടി- ക്രസന്റ് സ്കൂള്‍
13. ചാലക്കുടി- സെന്റ് മേരീസ് എല്‍പിഎസ് ഈസ്റ്റ് ചാലക്കുടി (ബൂത്ത് ഒന്ന്)
14. ചാലക്കുടി- സെന്റ് മേരീസ് എല്‍പിഎസ് ഈസ്റ്റ് ചാലക്കുടി (ബൂത്ത് രണ്ട്)
15. കൊടുങ്ങല്ലൂര്‍- സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ കോട്ടപ്പുറം വെസ്റ്റേണ്‍ ബില്‍ഡിങ്
യുവാക്കള്‍ നിയന്ത്രിക്കുന്ന ബൂത്ത്
1. ഒല്ലൂര്‍- ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍, മുല്ലക്കര എ ബ്ലോക്ക്
ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന ബൂത്ത്
2. തൃശൂര്‍- ഐ.എസ്.ടി.ഇ, വിയ്യൂര്‍
പ്രത്യേക ബൂത്തുകള്‍*
ലെപ്രസി ബൂത്തുകൾ
1. ഒല്ലൂര്‍- മുളയം ഡാമിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട്
2. ചാലക്കുടി- കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയല്‍ ഹാള്‍
ട്രൈബല്‍ ബൂത്തുകള്‍
1. വടക്കാഞ്ചേരി -വാഴാനി ഇറിഗേഷന്‍ ഓഫീസ്
2. പുതുക്കാട്- ചൊക്കന ഫാക്ടറീസ് റിക്രീയേഷന്‍ ക്ലബ്
3. ചാലക്കുടി- വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്
തീരദേശ ബൂത്ത്
കയ്പമംഗലം- സുനാമി ഷെല്‍ട്ടര്‍, മുനയ്ക്കല്‍, അഴീക്കോട്
തെരഞ്ഞെടുപ്പ് ‘ഹരിതാഭമാക്കാൻ’ കുന്നംകുളം നഗരസഭയും
കുന്നംകുളം: ലോക്സഭ തെതിരഞ്ഞെടുപ്പ് ഹരിതച്ചട്ടം പാലിച്ചു നടപ്പിലാക്കുന്നതിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കി നഗരസഭ. തെരഞ്ഞെടുപ്പിൽ അജൈവ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് വിവിധ മുന്നണികൾക്ക് നഗരസഭ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയിരുന്നു.
കുന്നംകുളം പഴയ ബസ്റ്റാൻഡിൽ മാതൃക ഹരിത പോളിങ് ബൂത്ത് നഗരസഭ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രമീകരിച്ചു. വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് മോരും വെള്ളം വിതരണം ചെയ്യുന്നതിന് ക്രമീകരിച്ച തണ്ണീർപന്തൽ ആണ് മാതൃകാ പോളിങ് ബൂത്ത് ആക്കി മാറ്റിയത്. ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഉൾക്കൊള്ളിച്ച് സന്ദേശങ്ങളും ഈ ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ഷൻ ദിവസവും ഇവിടെ സംഭാര വിതരണം ഉണ്ടാകും.
നഗരസഭ പ്രദേശത്തെ 40 പോളിങ് ബൂത്തുകളിലും ജൈവ അജൈവ മാലിന്യം ശേഖരിക്കുന്നതിന് ബിന്നുകൾ സ്ഥാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതോടെ ഈ മാലിന്യങ്ങൾ ഗ്രീൻ പാർക്കിൽ എത്തിച്ച് ജൈവമാലിന്യങ്ങൾ സംസ്കരണത്തിന് അയക്കും.
എല്ലാ ബൂത്തുകളിലും ഹരിത കർമ സേന അംഗങ്ങളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് കുന്നംകുളം അസംബ്ലി നിയോജകമണ്ഡലം ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫിസർ ആറ്റ്ലി പി. ജോൺ, ഷീബ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ വിഷ്ണു, സജീഷ് പി. എസ് എന്നിവർ നേതൃത്വം നൽകുന്നു.
വയസ്സ് 60 പിന്നിട്ടു; വിൻസന്റും രാമചന്ദ്രനും ഇന്ന് കന്നി വോട്ട് ചെയ്യും
പാവറട്ടി: കന്നി വോട്ട് ചെയ്യാൻ രണ്ട് പ്രവാസികൾ ഇന്ന് പോളിങ്ങ് ബൂത്തിലെത്തും. പാവറട്ടി വെൻമേനാട് ഒലക്കേങ്കിൽ വിൻസന്റ് (67), പാവറട്ടി വീട്ടിൽ രാമചന്ദ്രൻ (60) എന്നിവരാണ് വോട്ട് പെയ്യാനായി സെന്റ് ലൂയിസ് എൽ.പി. സ്കൂളിലെ 88ാം നമ്പർ ബൂത്തിലെത്തുക.
19ാം വയസിൽ പ്രവാസ ജീവിതം ആരംഭിച്ച ഇവർക്ക് ഇതുവരെ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. മുമ്പ് 21 വയസായിരുന്നു വോട്ട് ചെയ്യാനുള്ള പ്രായപരിധി. ഇതിനാലാണ് ഇവർക്ക് വോട്ട് പെയ്യാൻ കഴിയാതിരുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈ അടുത്താണ് ഇവർ നാട്ടിലെത്തി സ്ഥിര താമസമാരംഭിച്ചത്.
വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശമാണെന്നും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.