കൊടുങ്ങല്ലൂർ ആർക്കൊപ്പം?
text_fieldsമാള: മാറിയും മറിഞ്ഞും അമ്പരിപ്പിക്കുകയാണ് കൊടുങ്ങല്ലൂർ. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ നിയമസഭ മണ്ഡലം ഏതുപക്ഷത്തേക്ക് തിരിയുമെന്നത് പ്രവചനാതീതം. സമകാലിക സംഭവങ്ങൾ യു.ഡി.എഫിന് അനുകൂലമാണെങ്കിലും ഇടതുപക്ഷവും ശക്തം. യു.ഡി.എഫിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലം 1987ലെ തരംഗത്തിലൂടെ ഇടതിന്റെ പക്ഷത്തായി. പിന്നീട് 2021 വരെയള്ള ആറ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷം സീറ്റ് നിലനിർത്തി. 1965 മുതൽ 1991വരെ തുടർച്ചയായി എട്ടുതവണ ജയിച്ച അന്തരിച്ച കെ. കരുണാകരന്റെ പഴയ മാള മണ്ഡലം ഇപ്പോൾ കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്. 1982ൽ മാളയിൽനിന്നും നേമത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട കരുണാകരൻ അന്ന് മാളയുടെ പ്രാതിനിധ്യമാണ് നിലനിർത്തിയത്.
കരുണാകരന്റെ അശ്വമേധത്തിന് തടയിട്ടത് സി.പി.ഐയുടെ കരുത്തനായ വി.കെ. രാജനാണ്. ഒരിക്കൽ കാലിടറിയ രാജൻ പിന്നീട് കരുണാകരനെതിരെ വിജയം നേടി. തുടർന്നങ്ങോട്ട് മണ്ഡലം സി.പി.ഐക്കൊപ്പം ആകുന്നതാണ് കണ്ടത്. രാജന് ശേഷം സി.പി.ഐയിലെ യു.എസ്. ശശിയെ നിയമസഭയിലേക്കയച്ച പഴയ മാള മണ്ഡലം 2016ലും സി.പി.ഐക്ക് വിജയം സമ്മാനിച്ചു. 2021ൽ വി.കെ. രാജന്റെ മകൻ വി.ആർ. സുനിൽ കുമാർ എതിരാളികളെ ഞെട്ടിച്ച ഭൂരിപക്ഷത്തോടെ സഭയിലേക്ക് പോയി. കൊടുങ്ങല്ലൂർ നഗരസഭ ഭരിക്കുന്നത് എൽ.ഡി.എഫാണ്. രണ്ടാമൂഴത്തിൽ ഇപ്പോൾ സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. അതേസമയം നഗരസഭയിൽ ബി.ജെ.പിയാണ് പ്രധാന പ്രതിപക്ഷ കക്ഷി. ഭരണമുന്നണിയോട് കിടപിടിക്കുന്ന അംഗബലവും അവർക്കുണ്ട്. കോൺഗ്രസ് ഇവിടെ ദുർബലമാണ്. പൊയ്യ, കൂഴൂർ പഞ്ചായത്തുകൾ കോൺഗ്രസ് ഭരണത്തിലും മാള, പുത്തൻചിറ പഞ്ചായത്തുകൾ എൽ.ഡി.എഫ് പക്ഷത്തുമാണ്. മുമ്പ് ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആളൂർ പഞ്ചായത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് മാറ്റി പകരം വെള്ളാങ്കല്ലൂരും പുത്തൻചിറയുടെ ഒരുഭാഗവും പുതിയ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ചേർത്തതാണ്. കൊടുങ്ങല്ലൂർ നഗരസഭയും മാള, പൊയ്യ, കുഴൂർ, അന്നമനട, പുത്തൻചിറ, വെള്ളാങ്കല്ലൂർ എന്നീ ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊടുങ്ങല്ലൂർ മണ്ഡലം.
വിശ്രമം തെല്ലുമില്ലാതെ മണ്ഡലത്തിന്റെ മുക്ക് മൂലകൾ അരിച്ചുപെറുക്കി പ്രചാരണത്തിലാണ് മുന്നണി സ്ഥാനാർഥികൾ. സിറ്റിങ് എം.പി യു.ഡി.എഫിലെ ബെന്നി ബഹനാൻ ചാലക്കുടി ലോക്സഭ മണ്ഡലം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് പാർട്ടി രംഗത്തുള്ളത്. ഒന്നാം പിണറായി സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്ലീൻ ഇമേജുള്ള പ്രഫ. സി. രവീന്ദ്രനാഥാണ് ഇടത് സ്ഥാനാർഥി. അദ്ദേഹത്തിന് മണ്ഡലത്തിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. മണ്ഡലത്തിൽ മുന്നണിയുടെ മുന്നേറ്റമുണ്ടാകുമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ച് പറയുന്നു. ബി.ഡി.ജെ.എസിന്റെ കെ.എ. ഉണ്ണികൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി. എൻ.ഡി.എക്ക് ഇവിടെ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം ‘ട്വന്റി 20’യുടെ ചാർളി പോൾ പ്രചാരണ രംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.