കുഞ്ഞാലിപ്പാറ സമര സമിതി പ്രവര്‍ത്തകെൻറ കൈവിരല്‍ ലോറി ഡ്രൈവര്‍ തല്ലിയൊടിച്ചു
text_fieldsമറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലെ സ്വകാര്യ മെറ്റല്‍ ക്രഷറില്‍നിന്ന് അമിതഭാരവുമായി പഞ്ചായത്ത് റോഡിലൂടെ ടിപ്പര്‍ ലോറികള്‍ പോകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സമരസമിതി പ്രവര്‍ത്തകനെ ലോറി ഡ്രൈവര്‍ ആക്രമിച്ചു. സമരസമിതി പ്രവര്ത്തകന് ഷിജു കൂവക്കാടനാണ് ആക്രമണമേറ്റത്. കൈവിരല്‍ ഒടിഞ്ഞ ഷിജു കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഒമ്പതുങ്ങല്‍-മൂന്നുമുറി റോഡിലൂടെ നിശ്ചിത ഭാരപരിധിയില്‍ കൂടുതല്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ട് പോകരുതെന്ന് പഞ്ചായത്തധികൃതരുടെ ഉത്തരവുള്ളതാണ്. എന്നാല്‍, ഇതു ലംഘിച്ച് ലോറികള്‍ അമിതഭാരം കയറ്റുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സമരസമിതി പ്രവര്ത്തകന് ലോറി ഡ്രൈവറോട് അമിതഭാരം കയറ്റരുതെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് ആക്രണമേറ്റതെന്ന് ഷിജു പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുഞ്ഞാലിപ്പാറ സമര സമിതി പ്രവര്‍ത്തകര്‍ ക്രഷറില്‍ നിന്നുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഉചിതമായ നടപടി എടുക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.
സമരസമിതി പ്രവര്‍ത്തകനു നേരെ ഉണ്ടായ മര്‍ദനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറ പ്രദേശങ്ങളില്‍ കരിദിനം ആചരിക്കാന്‍ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, കുഞ്ഞാലിപ്പാറ ക്രഷറിലേക്ക് ലോഡ് കയറ്റാൻ പോയ ടിപ്പർ ലോറി ഡ്രൈവറെ സമരസമിതി പ്രവർത്തകർ പ്രകോപനമില്ലാതെ അകാരണമായി മർദിക്കുകയായിരുന്നെന്ന് ടിപ്പർ ലോറി ഡ്രൈവർമാരുടെ സംഘടന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.