കാല് നഷ്ടപ്പെട്ട ഷിജുവിന്റെ നഷ്ടപരിഹാരത്തുക ബാങ്കിൽ
text_fieldsഇരിങ്ങാലക്കുട: ജോലിക്കിടെ വിദേശത്തുവെച്ചുണ്ടായ അപകടത്തില്‍ മുറിച്ചുമാറ്റിയതാണ് മാപ്രാണം സ്വദേശി ഷിജുവെന്ന ചെറുപ്പക്കാരന്റെ വലതുകാല്‍. ക്രെയിന്‍ ഓപറേറ്ററായി ജോലി ചെയ്യവേ 2016 ഫെബ്രുവരി 20നായിരുന്നു അപകടം. ചികിത്സയെല്ലാം കഴിഞ്ഞ് ഒരുവർഷത്തിനുശേഷമാണ് കൃത്രിമകാലുമായി ഷിജു നാട്ടിലെത്തിയത്.
കമ്പനിയില്‍നിന്ന് നഷ്ടപരിഹാരമായി ലഭിച്ച തുക കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. ബാങ്കിലെ തട്ടിപ്പ് പുറത്തായതോടെ പലിശ പോലും ലഭിക്കാത്ത അവസ്ഥയാണ്. വൃദ്ധയായ മാതാവും ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. കുടുംബ ചെലവിനായി ലോട്ടറി വില്പന ആരംഭിച്ചു. ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയാണ്.
കുടുംബം പുലര്‍ത്താന്‍ ഭാര്യ വിദേശത്തേക്ക് ജോലിക്ക് പോയിരിക്കുകയാണ്. ആറുലക്ഷം രൂപ ഇതിന് ചെലവുവന്നു. ബാങ്കില്‍ വന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ലഭിക്കില്ലെന്നായിരുന്നു ആദ്യ മറുപടി. 50,000 രൂപ പിന്നീട് ലഭിച്ചു. ബാക്കി തുക പലരില്‍നിന്ന് കടം വാങ്ങിയും സ്വര്‍ണാഭരണങ്ങള്‍ ഈടുനൽകി ലോണ്‍ എടുത്തുമാണ് ഭാര്യ ജൂലൈയിൽ വിദേശത്തേക്ക് പോയത്. രണ്ടുദിവസം മുമ്പാണ് ഭാര്യ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടയില്‍ ഷിജുവിന്റെ കൃത്രിമകാലിന് ചെറിയ തകരാറ് സംഭവിച്ചു. കൈയില്‍ പണമില്ലാത്തതിനാല്‍ സമീപത്തെ വര്‍ക്ക്ഷോപ്പില്‍ പോയി വെല്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.
ഇത് നന്നാക്കാൻ 1.25 ലക്ഷം രൂപ വേണം. ഭാര്യയുടെ ശമ്പളം ലഭിച്ചാല്‍ ആദ്യം തന്റെ കൃത്രിമ കാല് നന്നാക്കണമെന്നാണ് ആഗ്രഹമെന്ന് ഷിജു പറയുന്നു.
ബാങ്ക് ലോണും മറ്റു കടങ്ങളുമായി ജീവിതം മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. കരുവന്നൂര്‍ ബാങ്കില്‍ 15 ലക്ഷം നിക്ഷേപമുണ്ട് ഷിജുവിന്. മാതാവ് മേരിക്ക് കരുവന്നൂര്‍ ഓട്ടു കമ്പനിയിലായിരുന്നു ജോലി. അവിടെനിന്ന് വിരമിക്കുമ്പോള്‍ കിട്ടിയ 1.75 ലക്ഷം രൂപയും കരുവന്നൂര്‍ ബാങ്കിലാണ്. നിക്ഷേപ തുക ലഭിക്കുകയാണെങ്കില്‍ കടങ്ങൾ അവസാനിപ്പിക്കാമെന്നാണ് ഷിജു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.