നഷ്ടപ്പെട്ട പാസ്പോർട്ടുകൾ മണിക്കൂറുകൾക്കകം കണ്ടെത്തി തൃശൂർ പൊലീസ്
text_fieldsതൃശൂർ: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തി, തിരിച്ചുപോകാനാവാതെ ജയിലിൽ കിടക്കേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്ന മാലി സ്വദേശികളെ മണിക്കൂറുകൾക്കകം രേഖകൾ കണ്ടെത്തി യാത്രയാക്കി തൃശൂർ പൊലീസ്. പൊലീസിന്റെ അടിയന്തര ഇടപെടലിനും ആശ്വസിപ്പിച്ചതിനും നന്ദി പറഞ്ഞ് മതിയാവാതെ മാലി സംഘം മടങ്ങി. ഞായറാഴ്ച തൃശൂരിലെത്തിയ മാലി യാത്രാസംഘമാണ് പാസ്പോർട്ട് അടക്കമുള്ള യാത്രാരേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞത്. രാവിലെയെത്തിയ സംഘം ഉച്ചയോടെയാണ് തങ്ങളുടെ യാത്രാരേഖകളടങ്ങിയ ബാഗ് കാണാനില്ലെന്ന വിവരം ശ്രദ്ധിച്ചത്. ഇതോടെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
എറണാകുളം ഇടപ്പള്ളിയിൽനിന്ന് ഊബർ ടാക്സി മുഖേനയാണ് അഞ്ച് പേരടങ്ങുന്ന സംഘം തൃശൂരിൽ മൃഗശാല കാണാനെത്തിയത്. മൃഗശാലയും തൃശൂരിലെ മറ്റിടങ്ങളുമെല്ലാം സന്ദർശിച്ചതിന് ശേഷം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് യാത്രാരേഖകളടങ്ങിയ ബാഗ് നോക്കിയത്. മറ്റ് ബാഗുകൾ കൈവശമുണ്ടായിരുന്നെങ്കിലും ഈ ബാഗ് മാത്രം കാണാനായില്ല. ഇതോടെ യാത്രാ രേഖകൾ കൈവശമില്ലാത്തതിന് ജയിലിൽ കിടക്കേണ്ടി വരുമെന്ന ആശങ്കയിലായി. തങ്ങൾ വന്ന വാഹനം ഏതെന്ന് അറിയാൻ ശ്രമിച്ചെങ്കിലും ഊബർ വഴിയായിരുന്നു ടാക്സി വിളിച്ചതെന്നതിനാൽ ഡ്രൈവറെ കിട്ടാനുള്ള വഴി ലഭിച്ചില്ല. ഉടൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ വിവരം ശേഖരിച്ചു. ഊബർ ആപ് വഴി സമീപത്തെ കാറുകളെ സെലക്ട് ചെയ്തുള്ള പൊലീസിന്റെ നീക്കമാണ് നിർണായകമായത്. കാറുകളെ സെലക്ട് ചെയ്ത് അതിലെ ഡ്രൈവറുടെ ഫോട്ടോ മാലി സ്വദേശികളെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു ഓട്ടത്തിനായി ബുക്ക് ചെയ്ത് പോയിരുന്ന വാഹനത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കി പിന്തുടർന്നു. വെളിയന്നൂരിൽവെച്ച് വാഹനം കണ്ടെത്തി തടഞ്ഞ് ബാഗ് വീണ്ടെടുത്തു. സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ യാത്രാരേഖകളടങ്ങിയ ബാഗ് മാലി സ്വദേശികൾക്ക് കൈമാറി. പൊലീസിനുനന്ദി അറിയിച്ചാണ് മാലി സംഘം യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.