ഭാഗ്യത്തിലും തട്ടിപ്പ്
text_fieldsതൃശൂർ: നഗരത്തിൽ കൂണുപോലെ പെരുകുകയാണ് ലോട്ടറി കടകൾ. സമാനമായി ഭാഗ്യാന്വേഷകരും പെരുകുകയാണ്. പൂട്ടിയ ഒരു കച്ചവട സ്ഥാപനം പിന്നീട് തുറന്നുപ്രവർത്തിക്കുന്നത് ലോട്ടറി കടയായാണ്. ഇത് മൊത്ത വ്യാപാരികളാണെങ്കിൽ ബസ്സ്റ്റാൻഡുകൾ അടക്കം പൊതുസ്ഥലങ്ങളിൽ ഈച്ചയേക്കാൾ അധികം ലോട്ടറി വിൽപനക്കാരാണുള്ളത്.
ജനത്തിന്റെ കൂടിയ വാങ്ങലിന് അനുസരിച്ച് കടകളും കച്ചവടക്കാരും പെരുകുമ്പോൾ ലോട്ടറി വിൽപനയിൽ ഭീകര തട്ടിപ്പാണ് ജില്ലയിൽ അരങ്ങേറുന്നത്. ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയാണ് തട്ടിപ്പിന് പിന്നിൽ. സാധാരണക്കാരുടെ പണത്തോടുള്ള ആർത്തിയാണ് ഇക്കൂട്ടർ തടിച്ചുവീർക്കാൻ കാരണം. സംസ്ഥാന ലോട്ടറി വിൽപന രംഗത്ത് വൻ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേതന്നെ ആരോപണം ഉയർന്നിരുന്നു.
അതേസമയം, ഇക്കാര്യത്തിൽ ജില്ല ഏറെ മുന്നിലാണ്. രാവിലെത്തന്നെ സമാന്തര ലോട്ടറിയും സെയിം നമ്പർ ലോട്ടറിയുമൊക്കെയായി സജീവമാണ് നഗരത്തിന്റെ മുക്കുമൂലകൾ. മണിക്കുറൂകൾ ഇടവിട്ട് നറുക്കെടുപ്പ് നടത്തുന്ന സംഘങ്ങൾ വരെയുണ്ട്. ഇതിൽ അധികവും വീഴുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്. ചൂണ്ടയിൽ ഇരയിടുന്നതുപോലെ കുറച്ച് തുക ഇക്കൂട്ടർക്ക് നൽകുന്നതാണ് വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിലേക്ക് ആകർഷിക്കാൻ കാരണം.
വ്യാജ ലോട്ടറി വിൽപന സജീവം
ചൂരൽ വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതുവഴിയുള്ള വ്യാജ ലോട്ടറി വിൽപനയും ജില്ലയിൽ സജീവമാണ്. കമ്പ്യൂട്ടർ സഹായത്തോടെ നിർമിക്കുന്ന ഇത്തരം ടിക്കറ്റുകളുടെ കോപ്പി അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ തൃശൂരിൽതന്നെ നിരവധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. എന്നിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ല.
ഇതിനിടയിൽ മാർക്കറ്റുകളും ബസ്സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് വ്യാജ ലോട്ടറി വിൽപനയും സജീവമാണ്. 100 രൂപക്ക് മൂന്ന് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. ഇതിന് പിന്നിൽ ഇതര ജില്ലകളിൽ നിന്നുള്ള ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്. വ്യാജനെ വെല്ലാൻ കളർഫുൾ ലോട്ടറി രംഗത്തിറക്കിയെങ്കിലും കാര്യമായ മാറ്റം മേഖലയിൽ ഉണ്ടാക്കാനായിട്ടില്ല.
പ്രഭവകേന്ദ്രം ശക്തൻ സ്റ്റാൻഡ്
ശക്തൻ ബസ്സ്റ്റാൻഡാണ് ലോട്ടറി തട്ടിപ്പിന്റെ പ്രധാന പ്രഭവ കേന്ദ്രം. ഇത്തരം വിൽപനയിൽ അധികവും ഇവിടെ നിന്നാണ് തുടങ്ങുന്നത്. ചെട്ടിയങ്ങാടി, പോസ്റ്റ്ഓഫിസ് റോഡ്, വടക്കേ ബസ്സ്റ്റാൻഡ്, ഹൈറോഡ് അടക്കം വിവിധ മേഖലകളിൽ വിവിധ തട്ടിപ്പുമായി ആളുകളുണ്ട്. ലോട്ടറി ചട്ടത്തിന് വിരുദ്ധമായി തൃശൂരിൽ 72 സെയിം ലോട്ടറികൾ വരെയും വിൽപന നടത്തുന്നുണ്ട്.
ഇതെല്ലാം കണ്ടിട്ടും ലോട്ടറി എൻഫോഴ്സ്മെന്റോ ജില്ല ലോട്ടറി അധികൃതരോ നടപടിയെടുക്കാൻ മടിക്കുകയാണ്. 12 സെയിം ലോട്ടറി വിൽക്കാനുള്ള മൗനാനുവാദത്തിന്റെ മറവിലാണ് 12 സെയിം വിൽപന തകൃതിയായി നടക്കുന്നത്. സെയിം ലോട്ടറി വിൽപന നടത്തുന്ന വിവരം അറിയിക്കാൻ ലോട്ടറി വകുപ്പ് നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ എടുക്കാറില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.