ബസ് സർവിസ് ഇല്ല; മാളയിൽ രാത്രിയാത്ര ദുരിതം
text_fieldsമാള: രാത്രി ബസ് സർവിസ് ഇല്ലാത്തത് മാളയിൽനിന്നുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു. ഐരാണിക്കുളം, അന്നമനട, കുഴൂര്‍, എരവത്തൂര്‍, കൊച്ചുകടവ്, പൂപ്പത്തി, വലിയപറമ്പ് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് പെരുവഴിയിലാവുന്നത്.
കെ.എസ്.ആർ.ടി.സി ആലുവ, തൃശൂർ സർവിസുകളാണ് മാളയിൽനിന്നുള്ള അവസാന ബസുകൾ. സ്വകാര്യ ബസുകളാകട്ടെ രാത്രി സർവിസ് നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. മാളയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയും സ്വകാര്യ ബസ് സ്റ്റാൻഡുമുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാൽ സ്വകാര്യ സ്റ്റാൻഡിൽ ബസുകൾ കയറാറില്ല. ചിലത് പുറത്ത് മെയിൻ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കി പോകും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ മാളയിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണെന്നും യാത്രക്കാർ പറയുന്നു. സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവർ പുറത്ത് ബസ് വന്നുപോകുന്നത് പലപ്പോഴും അറിയുന്നില്ല. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.
മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തൃശൂരിലേക്ക് അവസാന ബസ് വൈകീട്ട് 5.50 നാണ്. ഇതിനുശേഷം വാഹനം ഇല്ല. വൈകീട്ട് 6.40ന് ഒരു ബസ് കൊടകര വരെ പോകുന്നുണ്ട്. ഇതിൽ കയറിയാൽ ദേശീയ പാതയിൽ ഇറങ്ങാൻ കഴിയും.
ആലുവ ഭാഗത്തേക്കും ഇതുതന്നെയാണ് സ്ഥിതി. വൈകീട്ട് 5.50ന് ആലുവയ്ക്കുള്ള ബസ് പോയിക്കഴിഞ്ഞാൽ പിന്നെ വാഹനം ഇല്ല. കൊടുങ്ങല്ലൂരിലേക്ക് ഏഴിന് ഒരു ബസ് ഉണ്ട്. ശേഷം സർവിസ് അങ്ങോട്ടുമില്ല. സ്വകാര്യ ബസുകൾക്കും ദൂര സർവിസുകൾ ഇല്ല. സന്ധ്യയായാൽ ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള അവസാന ബസുകളും പോയി മറയും. ദൂരെ ദിക്കുകളിൽ നിന്ന് മാളയിലെത്തുന്നവർ സന്ധ്യക്ക് മുമ്പ് മടങ്ങിപ്പോയില്ലങ്കിൽ ടൗണിൽ കുടുങ്ങുന്ന അവസ്ഥയാണ്. ദൂര യാത്രക്കാർക്ക് മാളയിലേക്ക് വരാൻ ഏതാനും ബസുകൾ തൃശൂർ, ആലുവ ടൗണുകളിൽ നിന്ന് ഉണ്ടെന്ന് മാത്രമാണ് ആശ്വാസം.
മാള ടൗൺ രാത്രി എട്ടായാൽ ഉറങ്ങിയ സ്ഥിതിയാണ്. വേണ്ടത്ര ആളുകൾ ഇല്ലാത്തതിനാൽ കടകളും രാത്രി ഒമ്പതിന് അടക്കും. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. അന്തരിച്ച മുഖ്യമന്തി കെ. കരുണാകരനാണ് മാളയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിച്ചത്. തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന സർവിസുകൾ പലതും വെട്ടിക്കുറച്ചു. നഷ്ടത്തിലോടുന്നതാണ് കാരണമായി പറയുന്നത്. മാള ഡിപ്പോയിൽ നിന്ന് മുപ്പതോളം സർവിസുകളാണ് ഇല്ലാതായത്.16 ബസുകൾ എടപ്പാൾ ഗ്യാരേജിലേക്ക് പൊളിക്കാനയച്ചിരുന്നു. ഇതിനെതിരെ ജീവനക്കാരിൽ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.