ആൺകുട്ടിക്ക് പീഡനം: മദ്റസ അധ്യാപകന് ഇരട്ട ജീവപര്യന്തവും 33 വർഷം തടവും
text_fieldsതൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്റസ അധ്യാപകന് ഇരട്ട ജീവപര്യന്തവും 33 വർഷം തടവും 4,50,000 രൂപ പിഴയും വിധിച്ചു. കരൂപ്പടന്ന കുഴികണ്ടത്തിൽ വീട്ടിൽ ബഷീറിനെയാണ് (53) തൃശൂർ സ്പെഷൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്ജി ജയപ്രഭ ശിക്ഷിച്ചത്. പോക്സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐ.പി.സി നിയമങ്ങളിലെ വകുപ്പുകളിലായാണ് ഇരട്ട ജീവപര്യന്തവും 33 വർഷവും തടവും 4,50,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുവർഷവും രണ്ടുമാസവും അധിക ശിക്ഷ അനുഭവിക്കണം.
പള്ളിയിലെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് അന്തിക്കാട് സബ് ഇൻസ്പെക്ടറായിരുന്ന വി.എം. ബെനഡിക്ട് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് അന്തിക്കാട് ഇൻസ്പെക്ടറായിരുന്ന അനിഷ് കരീമായിരുന്നു.
തുടർന്ന് ഇൻസ്പെക്ടറായ പി.കെ. ദാസാണ് കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ ജയൻ, വി.എസ്. മുഹമ്മദ് അഷറഫ്, എ.എസ്.ഐമാരായ അസീസ്, ഒ.ജെ. രാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, സോണി സേവ്യർ, സിവിൽ പൊലീസ് ഓഫിസർ ഉമേഷ് എന്നിവരും സഹായിച്ചു. പബ്ലിക് പ്രോസിക്യൂട്ടർമാരായ സുനിത, ഋഷികേശ് എന്നിവർ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാൻ എ.എസ്.ഐ വിജയശ്രീയുമുണ്ടായിരുന്നു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.