മഹാത്മാ ഗാന്ധി റോഡ് സഞ്ചാര യോഗ്യമാക്കിയില്ല; വികസനസമിതി യോഗത്തിൽ ഇറങ്ങിപ്പോക്ക്
text_fieldsഏങ്ങണ്ടിയൂർ: മഹാത്മാ ഗാന്ധി റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് വർഷങ്ങൾ പിന്നിട്ടിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ വികസന സെമിനാറിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കൂട്ടത്തോടെ ഇറങ്ങിപ്പോക്ക് നടത്തി.
ചേറ്റുവ പടിഞ്ഞാറ് ഭാഗം ഒന്നാം വാർഡിൽ ജനം തിങ്ങിത്താമസിക്കുന്ന ഇസ്മായിൽ ഹാജി, ചെമ്പൻതറ, മന്നത്ത്, തൂമ്പൻ തറ മേഖലകളെ കൂട്ടിയോജിപ്പിച്ച മഹാത്മാ ഗാന്ധി റോഡ് പഞ്ചായത്ത് ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരുവക ഫണ്ടും പാസാക്കിയിട്ടില്ല.
12 വർഷത്തോളമായി റോഡിന് പരിസരവാസികൾ സ്ഥലം വിട്ടുകൊടുത്തിട്ട്. ഈ വർഷത്തെ വികസന കരട് രേഖയിലും ഈ റോഡിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ആർ.എം.പി നേതാവ് ആർ.എം. ഷംസു കരട് രേഖ തിരിച്ചേൽപിച്ച് ആദ്യ ഇറങ്ങിപ്പോക്ക് നടത്തിയത്.
തുടർന്ന് ജനതാദൾ സെക്കുലർ ലെഫ്റ്റ് നേതാവ് വലിയകത്ത് സെയ്തു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആർ.എം. സിദിയ്, കോൺഗ്രസ് നേതാവ് പി.എം. അബ്ദുറഹ്മാൻ എന്നിവരും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. റോഡ് നന്നാക്കാത്തതിൽ ഇതുവഴിയുള്ള യാത്ര ദുരിതമാണ്.
ഒരുമാസം മുമ്പ് പണിയെടുക്കാൻ പോയ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ വീണ് പരിക്കേറ്റതോടെ താങ്ങി വീൽചെയറിൽ ഇരുത്തി അര കിലോമീറ്ററോളം സഞ്ചരിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. യാത്രദുരിതം ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.