വാക്ക് പാലിക്കാതെ അധികൃതർ; വെള്ളോട്ടുപുറത്തുകാർക്ക് ഇത്തവണയും ദുരിതം മാത്രം
text_fieldsമാള: വെള്ളോട്ടുപുറം നിവാസികൾക്ക് മഴക്കാലം ദുരിതമാണ്. വീടുകളിലേക്കുള്ള പ്രധാന റോഡ് വെള്ളത്തിൽ മുങ്ങിപ്പോകുന്നതാണ് പ്രശ്നം. റോഡ് ഉയർത്തി നിർമിക്കുമെന്ന് കാലങ്ങളായി അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യാഥാർഥ്യമാകുന്നില്ല. പേരിന് ടാറിങ് മാത്രമാണ് നടന്നത്.
പുത്തൻവേലിക്കര പഞ്ചായത്ത് വാർഡ് 15ൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാത കൂടിയാണിത്. ഇതുവഴി കോട്ടപ്പുറം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമാവും.
മഴ കനത്തു പെയ്താൽ റോഡ് വെള്ളത്തിൽ മുങ്ങിപ്പോകുന്നതിനു പുറമെ കായലിൽ നിന്നുള്ള ഉപ്പ് ജലം പ്രദേശത്ത് ഒഴുകിയെത്തുന്നതും ദുരിതമാണ്. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുമായെത്തുന്ന രാഷ്ട്രീയക്കാർ വിജയിച്ചു കഴിഞ്ഞാൽ തങ്ങളെ മറക്കുകയാണ് പതിവെന്ന് വെള്ളോട്ടുപുറത്തുകാർ പറയുന്നു. പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ റോഡ് കെട്ടി ഉയർത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഒന്നും നടപ്പായില്ല.
പ്രദേശത്ത് ഭൂമി കുഴിച്ച് വെള്ളമെടുക്കാൻ കഴിയില്ല. പൈപ്പ് ലൈൻ വഴി എത്തുന്ന കുടിവെള്ളമാണ് ആശ്രയം. കുടിവെള്ളം വിതരണം മുടങ്ങാറില്ലെന്നതു മാത്രമാണ് ആശ്വാസം. മഴ കനക്കും തോറും വെള്ളോട്ടുപുറം നിവാസികളുടെ ഉള്ളിൽ തീയാണ്. ഇനിയെങ്കിലും അധികൃതർ വാക്ക് പാലിക്കുമോ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.