മാള മത്സ്യമാർക്കറ്റ് കെട്ടിടം; ലേലം വിളിക്കാൻ എന്താണ് മടി?
text_fieldsമാള: സംസ്ഥാന ഫിഷറീസ് വകുപ്പ് നിർമിച്ച് മാള പഞ്ചായത്തിന് നൽകിയ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടം ലേലം ചെയ്ത് നൽകാത്തതിനെതിരെ പരാതി. കോർപറേഷൻ നിർമിച്ചിട്ടുള്ള ജില്ലയിലെ മൂന്ന് ആധുനിക മത്സ്യമാർക്കറ്റിലൊന്നാണ് മാളയിലേത്.
ഒരു കോടിയോളം രൂപ ചെലവഴിച്ച മത്സ്യമാർക്കറ്റ് 2013 ഒക്ടോബർ 19നായിരുന്നു ഉദ്ഘാടനം. മത്സ്യത്തൊഴിലാളികളായ 20 പേർക്ക് മത്സ്യം വിൽക്കാനുള്ള സൗകര്യമാണുള്ളത്. ആധുനിക മത്സ്യമാർക്കറ്റ് ലേലം ചെയ്യാതെ മാള പഞ്ചായത്ത് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു.
നാല് വർഷത്തിലധികമായി ലേലം ചെയ്തിട്ടില്ല. പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ അറ്റകുറ്റപ്പണികൾ പോലും നടത്തിയിട്ടില്ല. ആധുനിക മത്സ്യ മാർക്കറ്റിലെ ഉപകരണങ്ങൾ നശിച്ച നിലയിലാണ്. പഞ്ചായത്ത് ഫണ്ട് മുടക്കാതെ വരുമാനം മാത്രം എടുക്കാമായിരുന്ന പദ്ധതിയിലാണ് ലക്ഷങ്ങൾ നഷ്ടം വരുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മാർക്കറ്റ് ലേലം ചെയ്തു കൊടുക്കാത്തതിന് പഞ്ചായത്ത് കാരണം പറയുന്നില്ല.
തീരദേശ വികസന കോർപറേഷൻ നിർമിച്ച് പഞ്ചായത്തിന് കൈമാറിയ മത്സ്യമാർക്കറ്റ് ലേലം ചെയ്യാത്ത നടപടിക്കെതിരെ മത്സ്യത്തൊഴിലാളികളും പരാതി നൽകുമെന്നാണ് അറിയുന്നത്. മത്സ്യമാർക്കറ്റ് മറ്റു ആവശ്യങ്ങൾക്ക് തരംമാറ്റി ഉപയോഗിക്കാനുള്ള നീക്കമുണ്ട്. മാള പഞ്ചായത്തിൽ അംഗീകൃത മത്സ്യമാർക്കറ്റ് ഇല്ലാത്തതിനാൽ ഇപ്പോഴുള്ളത് തരം മാറ്റാൻ നിയമപരമായി തടസ്സം ഉണ്ടാകാനാണ് സാധ്യത. പഞ്ചായത്ത് മുൻ പ്രസിഡന്റും മാള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ.എ. അഷ്റഫാണ് പഞ്ചായത്ത് സെക്രട്ടറി, കലക്ടർ, ഫിഷറീസ് ഡയറക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.