പ്രതാപ കാലത്തിനായി കാതോർത്ത് മാള കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsമാള: വികസനം കാത്ത് മാള കെ.എസ്.ആർ.ടി.സി ഡിപ്പോ. പൂർവകാല പ്രതാപത്തോടെ നിലനിർത്തുമെന്ന എം.എൽ.എയുടെ വാഗ്ദാനം ഇതുവരെ പാലിക്കാനായില്ല. സർവിസുകൾ വർധിപ്പിക്കാൻ അധികൃതർക്കായിട്ടില്ല. ഓഫിസ് സംവിധാനം ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്ന നടപടിക്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
സ്റ്റേഷൻ ഉദ്യോഗസ്ഥൻ, കലക്ഷൻ സ്വീകരിക്കാനുള്ള സംവിധാനം എന്നിവ ഡിപ്പോയിൽ തുടരും. പ്രതാപകാലത്ത് 55 സർവിസുകളാണുണ്ടായിരുന്നത്. പിന്നീട് ഇത് കുറച്ചു. ഇപ്പോൾ 23 സർവിസുകൾ മാത്രമാണുള്ളത്.
പൊയ്യ ഗ്രാമപഞ്ചായത്തിന്റെ രണ്ട് ഏക്കർ സ്ഥലത്താണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഓയിൽ കമ്പനിക്കാർ എത്തി സർവേ നടത്തിയിട്ടുണ്ട്. ഡീസൽ പമ്പ് സ്ഥാപിക്കാനാണിത്. പമ്പ് സ്ഥാപിക്കുന്നതോടെ ഡീസൽ ക്ഷാമത്തിനു പരിഹാരമാവും.
സംസ്ഥാനത്ത് കൂടുതൽ കലക്ഷൻ ലഭിക്കുന്ന ഡിപ്പോകളിൽ ഒന്നാണ് മാള. നേരത്തേ ഡിപ്പോയിലെ 18 ബസുകൾ കണ്ടം ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സിയുടെ എടപ്പാളിലെ ഗ്യാരേജിലേക്ക് കൊണ്ടുപോയിരുന്നു. നിലവിൽ മൂന്ന് സൂപ്പർ ഫാസ്റ്റും ആറ് ഫാസ്റ്റ് പാസഞ്ചറും ബാക്കി ഓർഡിനറി ബസുകളുമാണുള്ളത്. പുതിയ ബസുകൾ അനുവദിക്കാൻ എം.എൽ.എ ഇടപെടണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അങ്കമാലി എന്നിവ കലക്ഷനുള്ള റൂട്ടുകളാണ്. ഇത് മുടക്കമില്ലാതെ തുടരണം. ആലുവ, തൃശൂർ സർവിസുകൾ കുറ്റമറ്റ നിലയിൽ നടത്തിവരുന്നുണ്ട്.
ഇവയും മെച്ചപ്പെട്ട കലക്ഷൻ ലഭ്യമാകുന്ന റൂട്ടുകളാണ്. റദ്ദാക്കിയ ദീർഘദൂര സർവിസുകൾ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. അതേസമയം ഡിപ്പോയെ ഓപറേറ്റിങ് സെന്ററായി തരംതാഴ്ത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.