മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ വഴിമുടക്കിക്കല്ലിന് സ്ഥാനചലനം
text_fieldsമാള: പൊതുമരാമത്ത് റോഡിൽ കാൽനടക്കാരുടെ വഴിമുടക്കിയ കല്ലിന് സ്ഥാനചലനം. റോഡിൽ അൽപം ഭാഗം മാത്രം ഉയർന്ന് സ്ഥിതി ചെയ്തിരുന്ന സർവേക്കല്ല് ഇളക്കിമാറ്റി റോഡ് നിരപ്പിൽ സ്ഥാപിച്ചു.
മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പോസ്റ്റ് ഓഫിസ് റോഡിന്റെ തെക്കേ അരികിൽ ഉണ്ടായിരുന്ന സർവേക്കല്ലിൽ തട്ടി ദിനംപ്രതി നിരവധി കാൽനടക്കാർക്ക് പരിക്കേറ്റിരുന്നു. ഇരുചക്രവാഹനങ്ങൾക്കും കല്ല് അപകടം വരുത്തിയിരുന്നു. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടക്കാർ പോകുന്ന പൊതുയിടത്തിലാണ് സംഭവം. സർവേക്കല്ല് റോഡ് നിരപ്പിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ കലക്ടർ പൊതുമരാമത്ത് വകുപ്പിനോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് താമസം വന്നതോടെ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
മന്ത്രിയുടെ അടിയന്തര നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സ്ഥലം പരിശോധിച്ച് ഇത് സർവേക്കല്ലാണെന്ന് കണ്ടെത്തി. ചാലക്കുടി ഭൂരേഖ തഹസിൽദാറെ രേഖാമൂലം വിവരം അറിയിച്ചിരുന്നു. തുടർന്നാണ് താലൂക്ക് സർവേയറുടെ മേൽനോട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് സർവേക്കല്ല് റോഡ് നിരപ്പിൽ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.