മാള ചാൽ പദ്ധതി യാഥാർഥ്യമാവുന്നു
text_fieldsമാള: പഞ്ചായത്ത് കൈയൊഴിഞ്ഞ പദ്ധതിക്ക് എം.എൽ.എയുടെ ശ്രമഫമായി സംസ്ഥാന ബജറ്റിൽ പണം വകയിരുത്തി. മാള ചാൽ പദ്ധതി യാഥാർഥ്യമാവും.
ചാലിലെ സ്ലൂയിസ് നിർമാണത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. മാള ചാലിൽ ഉപ്പുകയറുന്നത് തടയാനും വർഷക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുമാണ് പുതിയ സ്ലൂയിസ് നിർമിക്കുന്നത്. കേടുവന്ന സ്ലൂയിസ് പൊളിച്ചുമാറ്റും. കഴിഞ്ഞ മാള പഞ്ചായത്ത് ഭരണ സമിതി ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നു.
വർഷങ്ങളായി ചാൽ ഉപ്പ് കയറി മലിനമാണ്. പുതിയ സ്ലൂയിസ് വരുന്നതോടെ ഇതിന് പരിഹാരമാകുന്നതിനൊപ്പം മാള ചാൽ ശുദ്ധജല തടാകമായി മാറും. അതേസമയം പണമില്ലന്ന് പറഞ്ഞ് പഞ്ചായത്ത് തീരുമാനം നീട്ടിക്കൊണ്ടുപോയി. തുടർന്ന് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു. പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. ഷാന്റി കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു.
നബാർഡിന്റെ പണം ലഭിക്കുമെന്നും അതുപ്രകാരം നടപടി സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. നബാർഡിന്റെ പദ്ധതിയും പക്ഷെ നടപ്പായില്ല. ചാലക്കുടിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തിൽ മാള ചാൽ സ്ലൂയിസ് പരാതിയായി എത്തിയിരുന്നു. എം.എൽ.എ പണം നൽകിയാൽ സ്ലൂയിസ് നിർമാണം നടത്താമെന്നായിരുന്നു പഞ്ചായത്ത് നിലപാട്. ജലസേചന വകുപ്പിനോട് നടപടി സ്വീകരിക്കാൻ അദാലത്തിൽ വച്ച് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. പക്ഷെ, നടപടി എങ്ങുമെത്തിയില്ല. നവകേരള സദസ്സിലും ഷാന്റി ജോസഫ് പരാതിയുമായെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.