ഡ്രൈവർമാരും യാത്രികരും ചോദിക്കുന്നു.. മാള ടൗണിൽ വൺവേ നടപ്പാക്കാൻ തടസ്സമെന്ത്?
text_fieldsമാള: ടൗണിൽ വൺവേ നടപ്പാക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതർ. സുഗമ യാത്രാ സംവിധാനം എന്നുണ്ടാകുമെന്ന കാത്തിരിപ്പിലാണ് ഡ്രൈവർമാരും യാത്രികരും. ടൗൺ റോഡ് നവീകരണത്തിന് ശേഷം മാള ജങ്ഷൻ അപകടമേഖലയായി മാറിയിരിക്കുകയാണ്.
പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് യഹൂദ സിനഗോഗിന്റെ മുൻവശം വരെയുള്ള ഭാഗത്താണ് ഗതാഗതം തടസ്സം രൂക്ഷം. ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ല. സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നതിനും നടപടിയില്ല. നൂറു കണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ കടന്ന പോകുന്ന റോഡാണിത്. ഏതാനും ചില സ്വകാര്യ ബസ് ജീവനക്കാർ, വ്യാപാരികളിൽ ഒരു വിഭാഗം തുടങ്ങിയവരുടെ സമ്മർദത്തിന് വഴങ്ങിയാണത്രേ വൺവേ നടപ്പിലാക്കാത്തതെന്ന് പരാതിയുണ്ട്. മാള കെ. കരുണാകരൻ റോഡ്, എ.എം. അലി മാസ്റ്റർ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഡേവീസ് പെരേപ്പാടൻ ലിങ്ക് റോഡ് എന്നിവയാണ് വൺവേ ആവശ്യമുള്ളവ. കെ.എസ്.ആർ.ടി.സി മാള ഡിപ്പോ, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവയിൽനിന്ന് നിരവധി ബസുകൾ സർവിസ് നടത്തുന്നുണ്ട്. മാള പൊലീസ്, പഞ്ചായത്ത്, വ്യാപാരികൾ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിൽ വൺവേ തീരുമാനിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.