മലബാർ സിമൻറ്സ് അഴിമതി: പ്രത്യേക പ്രോസിക്യൂട്ടറെ മാറ്റിയത് ഗൂഢാലോചനയെന്ന്
text_fieldsതൃശൂർ: മലബാർ സിമൻറ്സ് അഴിമതിക്കേസിലെ പ്രത്യേക പ്രോസിക്യൂട്ടറെ മാറ്റി തൃശൂർ വിജിലൻസ് കോടതിയിലെ പ്രോസിക്യൂട്ടർക്ക് ചുമതല നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. തൃശൂർ വിജിലൻസ് കോടതിയിലെ എല്ലാ കേസുകളിലും ഹാജരാകാൻ ചുമതലപ്പെട്ട രാജ്മോഹൻ ആർ. പിള്ളയെ മലബാർ സിമൻറ്സ് ഉൾപ്പെടെ പാലക്കാട് വിജിലൻസ് അന്വേഷിക്കുന്ന എല്ലാ കേസിലും ഹാജരാകാനാണ് ജൂൺ 17ന് ചുമതലപ്പെടുത്തിയത്. തൃശൂർ വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന മുഴുവൻ കേസുകളുടെയും ചുമതല ഇദ്ദേഹത്തിനാകുന്നതോടെ മലബാർ സിമൻറ്സ് കേസുകളിൽ ആവശ്യമായ ശ്രദ്ധ ചെലുത്താനാവാതെ വരും. ഇതുവഴി കേസ് ഇല്ലാതാക്കാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പിയുടെ അഭ്യർഥന മാനിച്ചാണ് 2016ൽ അന്നത്തെ വിജിലൻസ് ഡയറക്ടർ കോഴിക്കോട് വിജിലൻസ് പ്രോസിക്യൂട്ടറായ ഒ.എസ്. ശശിയെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചത്. അദ്ദേഹം ഫലപ്രദമായി കേസ് നടത്തവെ വിജിലൻസിലെ ഉന്നതെൻറ ചരടുവലികളാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് ഐ.ജി, പ്രോസിക്യൂട്ടറെ മാറ്റാൻ ഉത്തരവിട്ടതെന്നും കൈതാരത്ത് കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് കോഴിക്കോട് വിജിലൻസ് എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അന്വേഷണവും തെളിവെടുപ്പും നടക്കുമ്പോഴാണ് വിജിലൻസ് ഐ.ജിയുടെ പുതിയ നടപടി. വാർത്തസമ്മേളനത്തിൽ അഡ്വ. തോമസ് കോട്ടൂരാൻ, ഡോ. വി. സനൽകുമാർ, ജോബിൻ വടാശ്ശേരി, എ. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.