ആനമല പാതയിൽ കാട്ടാനയും 'ആനവണ്ടി'യും മുഖാമുഖം
text_fieldsഅതിരപ്പിള്ളി: ആനമല പാതയിൽ കാട്ടാനക്ക് മുന്നിൽ 'ആനവണ്ടി'. കഴിഞ്ഞദിവസം വൈകീട്ടുള്ള ട്രിപ്പിനാണ് മലക്കപ്പാറ കെ.എസ്.ആർ.ടി.സി ബസിനെ കാട്ടാന തടഞ്ഞത്. പ്രകോപിതനായ കാട്ടാന രണ്ടുതവണ ബസിനുനേരെ പാഞ്ഞടുത്തെങ്കിലും പിന്നീട് തിരിച്ചുപോയി. ആനയെ കണ്ട് ഡ്രൈവർ ബസ് കുറച്ചുനേരം നിർത്തിയിട്ടു. പിന്നെ പതുക്കെ ഇഴഞ്ഞുനീങ്ങി. ഇവിടെ റോഡിന് അധികം വീതിയില്ല.
ഒരുവശത്ത് കുത്തനെയുള്ള മലയും മറുവശത്ത് അഗാധമായ കൊക്കയുമാണ്. ആനക്കോ ആനവണ്ടിക്കോ പരസ്പരം വഴിയൊതുങ്ങാൻ ഇടമില്ല എന്നതാണ് ഇത്തരം സന്ദർഭങ്ങളിലെ പ്രതിസന്ധി. കോവിഡ് കാലമായതിനാൽ ഗതാഗതം നിലച്ചതോടെ ആനകൾ റോഡ് കൈയടക്കിയിരിക്കുയാണ്.
ആനകൾ മാത്രമല്ല, കാട്ടുപോത്തുകളും മാനുകളും മ്ലാവും റോഡിലെ സ്ഥിരം കാഴ്ചയാണ്. ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാനപാത വിനോദസഞ്ചാര പാത കൂടിയാണ്. മലക്കപ്പാറ മേഖലയിൽ ശാന്തൻപാറ ഭാഗത്ത് പാലം തകർന്നതിനാൽ ഒരാഴ്ചയോളം ഗതാഗതം മുടങ്ങിയിരുന്നു. എന്നാൽ, അതിപ്പോൾ ശരിയാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മൂലം അതിരപ്പിള്ളി വരെ മാത്രമേ സഞ്ചാരികളെ കടത്തിവിടുന്നുള്ളൂ. അതുകൊണ്ട് ആനമല പാത ഇപ്പോൾ നിശ്ശബ്ദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.